ബത്തേരിയിലും പനമരത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലികള്‍

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. മണ്ഡലം പിടിക്കാന്‍ മുഖ്യമന്ത്രി കളത്തിലിറങ്ങുന്നത്. മാര്‍ച്ച് 1ന് ജില്ലാ അതിര്‍ത്തിയിലെ സ്വീകരണത്തോടെ തുടങ്ങിയതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

ദേശീയ നേതാവിലൂടെ വയനാട്ടില്‍ വിജയക്കൊടി പാറിക്കാന്‍ അരയുംതലയും മുറുക്കി നേതാക്കളും പ്രവര്‍ത്തകരും മണ്ഡലത്തില്‍ സജീവമാണ്. മുഖ്യമന്ത്രി കൂടി മണ്ഡലത്തില്‍ എത്തുന്നതിലെ ആവേശത്തിലാണ് ഇടത് ക്യാമ്പുകള്‍. ബത്തേരിയിലും പനമരത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലികള്‍ ഉണ്ടാകും. വയനാട് ലോക്‌സഭ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്.

മൂന്ന് തവണയും വയനാട്ടുകാര്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ചു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ രണ്ടാം വരവ് തോല്‍വി ഏറ്റുവാങ്ങാനാണെന്നാണും സുരക്ഷിത മണ്ഡലമെന്ന ഖ്യാതി ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫിന് മറക്കാമെന്നും സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു. പ്രചരണത്തിലും എല്‍ഡിഎഫ് ബഹുദൂരം മുന്നിലാണ്.

16-Mar-2024