ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു

ഇലക്ട്രൽ ബോണ്ടിൽ സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നല്കിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. 2019 ൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഈ രേഖകൾ ഇന്നലെ കോടതി കമ്മീഷന് മടക്കി നൽകുകയും പ്രസിദ്ധീകരിക്കാൻ നി‍ര്‍ദ്ദേശം നൽകുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് 2017-18 സാമ്പത്തിക വർഷം മുതലുള്ള രേഖകൾ പുറത്തു വിട്ടത്. 2019 മുതലുള്ള എസ്ബിഐ നല്കിയ ഇലക്ടറൽ ബോണ്ട് രേഖകൾ കഴിഞ്ഞ ദിവസം കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു.

2017-18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി ബിജെപിക്ക് ലഭിച്ചു. 2019 തെരഞ്ഞെടുപ്പിന് മുമ്പ് 1450 കോടിയുടെ ബോണ്ട് ബിജെപിക്ക് ലഭിച്ചു. ഇതേ കാലയളവിൽ കോൺഗ്രസിന് 383 കോടിയാണ് കിട്ടിയത്. ഈ കാലയളവിൽ ഡിഎംകെയ്ക്ക് 656.5 കോടിയുടെ ബോണ്ട്‌ ലഭിച്ചു. ഇതിൽ 509 കോടിയും വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനിയിൽ നിന്നായിരുന്നു.

 

17-Mar-2024