ഇ.എം.എസ് നമ്പൂരിപ്പാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇ.എം.എസ് നമ്പൂരിപ്പാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഇ.എം.എസ് ദിനം. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുകയും പകര്‍ത്തുകയും ചെയ്യുക എന്നത് അനിവാര്യമായ ഒരു ചരിത്രസന്ദര്‍ഭമാണിത് എന്ന് മുഖ്യമന്ത്രി കുറിപ്പില്‍ കുറിച്ചു. ഇ എം എസ് ന്റെ ഇരുപത്തിയാറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്.

സംഘപരിവാറിന്റെ ഫാസിസ്റ്റ് വിധ്വംസകതയും മുതലാളിത്തത്തിന്റെ ഹൃദയശൂന്യമായ ചൂഷണവും പത്തി വിരിച്ചാടുന്ന ഈ ഘട്ടത്തില്‍ അതിനെതിരെ മാനവികതയുടെ പ്രതിരോധമുയര്‍ത്താന്‍ സഖാവ് ഇ.എം.എസിന്റെ സ്മരണകള്‍ പ്രചോദനം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.എം.എസ് എന്ന കമ്മ്യൂണിസ്റ്റിന്റെ അസാമാന്യമായ ധൈഷണികതയും വിപ്ലവവീര്യവും നവകേരളം യാഥാര്‍ത്ഥ്യമാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജവും ദിശാബോധവും പകരുന്നു. മത സൗഹാര്‍ദ്ദവും ജനാധിപത്യമൂല്യങ്ങളും പുലരുന്ന തുല്യതയിലും നീതിയിലും അധിഷ്ഠിതമായ ലോകത്തിനായി നമുക്ക് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കുറിച്ചു.

19-Mar-2024