എസ്എസ്എല്‍സി, പ്ലസ്ടു മൂല്യനിര്‍ണ്ണയ തീയതികള്‍ പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി
അഡ്മിൻ
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണ്ണയ തീയതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. എല്ലാ പരീക്ഷകളുടെയും മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയം 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പങ്കെടുക്കുമെന്നാണ് കണക്ക്.ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുക്കും.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം എട്ട് ക്യാമ്പുകളിലായി 2200 അധ്യാപകര്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം. മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.
ഹയര്‍ സെക്കന്‍ഡറി തസ്തിക നിര്‍ണയം അനിവാര്യമാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തസ്തിക അനുവദിക്കുന്നതിന് മിനിമം ഏഴ് പിരീഡുകള്‍ വേണം എന്ന സര്‍ക്കാര്‍ ഉത്തരവ് 2017-ല്‍ നിലവില്‍ വന്നിരുന്നു.എന്നാല്‍ ഗവണ്മെന്റ് സ്കൂളുകളില്‍ അതിനു മുമ്പ് സൃഷ്ടിച്ച തസ്തികകളെ ഏഴ് പിരീഡ് മിനിമം എന്ന കണക്ക് വെച്ച് പുനര്‍നിര്‍ണ്ണയിച്ചിരുന്നില്ല. ആയതിനാല്‍ പഴയ തസ്തികകള്‍ ഒഴിവു വന്നപ്പോള്‍ പി.എസ്.സി. മുഖേന നിയമനം നടന്നിരുന്നു.
അങ്ങനെയാണ് ഹയര്‍ സെക്കണ്ടറി ജൂനിയര്‍ ഇംഗ്ലീഷ് തസ്തികയില്‍ ഏഴ് പിരീഡ് ഇല്ലാതെ അധിക നിയമനം നടന്നു എന്ന കണക്ക് ഉണ്ടാകുന്നതും അവരെ സൂപ്പര്‍ ന്യൂമററി ആയി നിലനിര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചതും. അതിനാല്‍ മറ്റു വിഷയങ്ങളിലും തസ്തിക പുനര്‍ നിര്‍ണ്ണയിക്കാതെ വേക്കന്‍സികള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായിയെന്ന് മന്ത്രി അറിയിച്ചു.
1991-ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഹയര്‍ സെക്കണ്ടറിയില്‍ ഒരു ബാച്ച് നിലനില്‍ക്കുന്നതിന് ചുരുങ്ങിയത് ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികള്‍ വേണം. എന്നാല്‍ തസ്തിക സൃഷ്ടിച്ച് സ്ഥിര അധ്യാപകര്‍ സര്‍വ്വീസില്‍ തുടരുന്ന നിരവധി ബാച്ചുകളില്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഇരുപത്തിയഞ്ചില്‍ താഴെയാണ് ഉള്ളത്. ഇത്തരത്തിലുള്ള ബാച്ചുകള്‍ 2022-ല്‍ 105 ആയിരുന്നെങ്കില്‍ 2023-ല്‍ 129 ആണ്.
അതിനാല്‍ അത്തരം ബാച്ചുകളില്‍ തസ്തികകള്‍ പുനര്‍നിര്‍ണ്ണയിച്ച് അധ്യാപകരെ പുനര്‍വിന്യസിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പല വര്‍ഷങ്ങളിലായി 38 ബാച്ചുകള്‍ വടക്കന്‍ ജില്ലകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ബാച്ചുകള്‍ എടുത്തു മാറ്റിയ സ്കൂളുകളില്‍ തസ്തികകള്‍ ഇല്ലാതെ ആയിട്ടുമില്ല. അത്തരം സ്കൂളുകളില്‍ തസ്തികകള്‍ പുനര്‍നിര്‍ണ്ണയിച്ച് ഉത്തരവാകേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.
ഈ മൂന്ന് കാരണങ്ങള്‍ കൊണ്ടും ഒഴിവുള്ള തസ്തികകളില്‍ പരമാവധി പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം ഉറപ്പാക്കാനുമാണ് ഹയര്‍ സെക്കണ്ടറിയില്‍ അടിയന്തിരമായി തസ്തിക നിര്‍ണ്ണയം നടത്തേണ്ട സാഹചര്യമുണ്ടായിട്ടുള്ളത്. പല ഹയര്‍ സെക്കണ്ടറി അധ്യാപക റാങ്ക് ലിസ്റ്റുകളും അടുത്ത് കാലാവധി അവസാനിക്കുന്നുണ്ട് എന്ന കാര്യവും കണക്കിലെടുത്തിട്ടുണ്ട് എന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
19-Mar-2024
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ