പത്തനംതിട്ടയിൽ കോണ്‍ഗ്രസിൽ ഭിന്നത

പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻറോ ആൻ്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽനിന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.ശിവദാസൻ നായർ വിട്ടുനിന്നു. നേതൃത്വവുമായുള്ള ഭിന്നതയാണ് ജില്ലയിലെ മുതിർന്ന നേതാവായ കെ.ശിവദാസൻ നായർ വിട്ടു നിൽക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.

കോൺഗ്രസ് പുനഃസംഘടന മുതൽ ശിവദാസൻ നായർ കടുത്ത അതൃപ്തിയിലാണ്. കണ്‍വെന്‍ഷൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഗ്യാരണ്ടി പഴയ ചാക്ക് പോലെയാണെന്ന് വിഡി സതീശൻ ആരോപിച്ചു.

മോദിയുടെ വാക്കിന് വിലയില്ല.മണിപ്പൂരിൽ നിരവധി ദേവാലയങ്ങൾ തകർക്കപ്പെട്ടു. നരേന്ദ്രമോദി ഇതുവരെ മണിപ്പൂരിൽ പോയില്ല.എന്നിട്ട് ക്രിസ്തുമസ് കാലത്തു കേക്കുമായി കയറി ഇറങ്ങുകയാണ്. ബിജെപി നേതാക്കൾ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണെന്നും വി. ഡി. സതീശൻ പറഞ്ഞു.

19-Mar-2024