മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരെ ബഹുജന റാലി

കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്.

നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തിൽ സമാപിക്കും. ഇടതുമുന്നണിയിൽ സിപിഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികൾ നിശ്ചയിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസർകോട് റാലി സംഘടിപ്പിക്കും. ഈ മാസം 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തും റാലികൾ നടക്കും. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാർലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

സിഎഎ വിരുദ്ധ റാലി അവസാനിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നത്. ആദ്യ പരിപാടി മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഏപ്രിൽ 22ന് കണ്ണൂരിൽ അവസാനിക്കും. ഓരോ പാർലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികൾ വീതമാണ് മുഖ്യമന്ത്രി പങ്കെടുക്കുക.

ഏപ്രിൽ ഒന്നിന് വയനാട്, രണ്ടിന് - മലപ്പുറം, മൂന്നിന് - എറണാകുളം, നാലിന് - ഇടുക്കി, അഞ്ചിന് - കോട്ടയം, ആറിന് - ആലപ്പുഴ, ഏഴിന് - മാവേലിക്കര, എട്ടിന് - പത്തനംതിട്ട, ഒൻപതിന് - കൊല്ലം, 10 ന് - ആറ്റിങ്ങൽ, 12 ന് ചാലക്കുടി, 15 ന് തൃശ്ശൂർ, 16 ന് ആലത്തൂർ, 17 ന് പാലക്കാട്, 18 ന് പൊന്നാനി, 19 ന് കോഴിക്കോട്, 20 ന് വടകര, 21 ന് കാസർകോട്, 22 ന് കണ്ണൂർ എന്നിങ്ങനെയാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.

 

21-Mar-2024