വിദ്വേഷ പരാമര്‍ശം: ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്
അഡ്മിൻ
മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് ബെംഗളൂരു സൗത്തിലെ ബിജെപി എംപിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയ്‌ക്കെതിരെ കേസ്.തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് സംഘത്തിന് ലഭിച്ച പരാതിയെ തുടർന്ന് ഹലസൂരു ഗേറ്റ് പൊലീസാണ് കേസെടുത്തത്. മാർച്ച് 18നാണ് തേജസ്വി സൂര്യ എക്സില്‍ മുകേഷ് എന്ന കടയുടമയെ മർദിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ ബാങ്ക് കൊടുക്കുന്ന സമയത്ത് ഹനുമാൻ ചാലിസ വെച്ചതിന് കടയുടമയെ ആറുപേർ ചേർന്ന് മർദിക്കുന്ന വിഡിയോ പങ്കുവെച്ചതിന് ശേഷമുള്ള പരാമർശങ്ങളാണ് കേസിനിടയാക്കിയത്. സൂര്യയുടെ പരാമർശങ്ങൾ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തൽ, മനഃപൂർവം വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സൂര്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.