ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ

മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച വൈകുന്നേരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിലെത്തി പരിശോധന നടത്തിയിരുന്നു. കെജ്രിവാളിന് ഡൽഹി ഹൈക്കോടതി ഇടക്കാലാശ്വാസം നിഷേധിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവവികാസം.

മുഖ്യമന്ത്രിയുടെ വസതിയിൽ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ഈ സമയത്ത് ഇഡി ജോയിൻ്റ് ഡയറക്ടർ കപിൽ രാജും കെജ്‌രിവാളിൻ്റെ വസതിയിൽ ഉണ്ടായിരുന്നു. പിഎംഎൽഎയുടെ സെക്ഷൻ 50 പ്രകാരമാണ് കെജ്രിവാളിൻ്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

ആം ആദ്മി പാർട്ടി നേതാക്കളെ അടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെജ്രിവാളിന്റെ വസതിയ്ക്ക് മുന്നിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ഡൽഹിയിലെ ഇഡി ആസ്ഥാനത്തിന് പുറത്ത് സെക്ഷൻ 144 ഏർപ്പെടുത്തി.

21-Mar-2024