ഹിറ്റ്‌ലറിന്റെ വഴിയേ പോകുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അന്ത്യദിനങ്ങള്‍ എണ്ണപ്പെട്ടു: എംഎ ബേബി

നരേന്ദ്രമോദി ഇന്ത്യന്‍ ഹിറ്റ്‌ലറെന്ന് എംഎ ബേബി. നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് എന്ന് വ്യക്തമാണ്. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിന് രാജ്യത്ത് എന്തും ചെയ്യാം എന്ന നിലയാണെന്നും എംഎ ബേബി പറഞ്ഞു. അറസ്റ്റിന് വേണ്ട നടപടികള്‍ നേരത്തേ തുടങ്ങിയിരുന്നു. ഇത്ര പെട്ടെന്ന് അറസ്റ്റ് ചെയ്യുന്നതിലൂടെയുള്ള ലക്ഷ്യം എല്ലാവരെയും ഭയപ്പെടുത്തുക എന്നതാണ്. ഹിറ്റ്‌ലറിന്റെ വഴിയേ പോകുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അന്ത്യദിനങ്ങള്‍ എണ്ണപ്പെട്ടു എന്നും അദ്ദേഹം പ്രതികരിച്ചു.

കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്‌റ് അറസ്റ്റ് ചെയ്തതില്‍ രാജ്യ വ്യാപക പ്രതിഷേധത്തിനാണ് ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും ഒരുങ്ങുന്നത്. ഇ ഡി നടപടിക്കെതിരായ കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രിം കോടതി നേരത്തെ തള്ളിയിരുന്നു.

ഇഡി ഓഫീസില്‍ എത്തിച്ച കെജ്രിവാളിന്റെ മെര്‍ഡിക്കല്‍ പരിശോധന ഉടന്‍ നടക്കും. കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു. അതേസമയം കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഡല്‍ഹി മുഖ്യമന്ത്രിയോട് രാജിവെക്കാന്‍ ആവശ്യപ്പെടണമെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി ആവശ്യപ്പെട്ടു.

22-Mar-2024