കോൺഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ പ്രവർത്തനത്തെ ബാധിച്ചു: രമേശ് ചെന്നിത്തല

പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗവേഷണമാണ് ബിജെപി നടത്തുന്നതെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ പ്രവർത്തനത്തെ ബാധിച്ചു. കോൺഗ്രസിന് ഒരു ലവൽ പ്ലേ ഗ്രൗണ്ട് ഇല്ല. മോദി ഇനി അധികാരത്തിൽ എത്തിയാൽ നടപ്പാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

മോദി പുടിനായി മാറി. മോദിയുടെ ഈ നിലപാടുകൾക്കെതിരെ ജനങ്ങൾ ബോധവാൻമാരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നാല് ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 11 അക്കൗണ്ടുകളും ഒരു മാസം മുന്‍പ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. പാര്‍ട്ടിക്ക് കിട്ടിയ നൂറ്റി തൊണ്ണൂറ്റി ഒന്‍പത് കോടി രൂപ സംഭാവനയില്‍ 14 ലക്ഷം രൂപ അനധികൃതമെന്ന് ചൂണ്ടിക്കാട്ടി 210 കോടി രൂപ പിഴ ചുമത്തി.

എംപിമാര്‍ നല്‍കിയ സംഭാവനയാണെന്ന വിശദീകരണം അവഗണിച്ചു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നാലെ 115 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. 2014 മുതല്‍ 2017 വരെയുള്ള നികുതി കുടിശിക 520 കോടിയെന്ന് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. അക്കൗണ്ടുകള്‍ മരവിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കാന്‍ പോലും പണം പാര്‍ട്ടിയുടെ കൈയിലില്ലെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി

22-Mar-2024