കൈയിൽ പണമില്ല; തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കാൻ കോൺഗ്രസ്‌

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും അവതാളത്തിൽ. ആദായ നികുതി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയാത്തതോടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിലേക്കാണ് കോൺഗ്രസ്‌ ഇപ്പോൾ എത്തിയിരിക്കുന്നത്.

യാത്രാ ചെലവുകളിലടക്കം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കാനാണ് നീക്കം. പ്രചാരണത്തിന് പിസിസികളും, സ്ഥാനാർത്ഥികളും പണം കണ്ടെത്തേണ്ടി വരും.അക്കൗണ്ടുകൾ മരവിച്ചതോടെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനുളള എഐസി സി വിഹിതത്തിൻ്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തിയായിരുന്നു കേന്ദ്ര ഏജൻസിയുടെ നടപടി.

അതേസമയം കോൺഗ്രസിന്റെ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. അഞ്ചാം പട്ടികയിലും ഇരു മണ്ഡലങ്ങൾ ഒഴിച്ചിട്ടതോടെ മണ്ഡലത്തിലേക്ക് ആരെത്തും എന്ന് ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ്. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലം ഉപേക്ഷിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്നും ഒരു വിഭാഗത്തിന് ആശങ്ക ഉണ്ട്.

അതേസമയം അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.

25-Mar-2024