മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും ഇവിടെ നടപ്പാക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

ആര്‍എസ്എസ് നടപ്പാക്കുന്നത് ഹിറ്റ്ലറുടെ ആശയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് ആഭ്യന്തര ശത്രുക്കളെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചു. ഹിറ്റ്ലര്‍ ജൂതരെ കൊലപ്പെടുത്തിയപ്പോള്‍ ലോകത്ത് അപലപിക്കാതിരുന്നത് ആര്‍എസ്എസ് മാത്രമാണ്. ഉദാത്തവും അനുകരണീയവുമായ മാതൃക എന്നാണ് കൂട്ടക്കൊലയെ അവര്‍ വിശേഷിപ്പിച്ചത്.

ആശയപരമായി ഹിറ്റ്ലറുടെ നയങ്ങളാണ് നടപ്പാക്കുന്നതെങ്കില്‍ സംഘടനാപരമായി മുസോളിനിയുടെ രീതിയാണ്. ആ കാലത്തുതന്നെ മുസോളിനിയെ നേരിട്ടുകണ്ട് അവര്‍ ആശയങ്ങള്‍ സ്വീകരിച്ചിരുന്നുവെന്ന് അദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ എല്‍ഡിഎഫ് സര്‍ക്കാരുണ്ടാകുമെന്നും പിണറായി പറഞ്ഞു. എന്ത് ത്യാഗം സഹിച്ചും പോരാട്ടം തുടരും. ഒരുകാരണവശാലും മുട്ടുമടക്കില്ല. നിശ്ശബ്ദരാവുകയുമില്ല.

ഭരണഘടന ഉറപ്പുനല്‍കുന്നതാണ് ന്യൂനപക്ഷങ്ങളുടെ അവകാശം. എന്നാല്‍ പൗരത്വഭേദഗതി നിയമത്തിലൂടെ മുസ്ലിങ്ങളുടെ പൗരാവകാശം എടുത്തുകളയാനുള്ള നീക്കമാണ് നടക്കുന്നത്. അതിനുള്ള ഉപകരണങ്ങളാണ് പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും.

സംഘപരിവാറിനെതിരായ പോരാട്ടം അതിശക്തമായി നമുക്ക് തുടരാനാകണം. ഈ പോരാട്ടത്തില്‍ വിശ്വസിക്കാന്‍ കഴിയാവുന്ന ഒരുവിഭാഗം ഇടതുപക്ഷമാണ് എന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും ഇവിടെ നടപ്പാക്കാന്‍ അനുവദിക്കില്ല. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ വന്നപ്പോള്‍ത്തന്നെ കേരളം നിലപാട് വ്യക്തമാക്കിയതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

28-Mar-2024