മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്ത് ജനാധിപത്യം ഉണ്ടാകില്ല: മന്ത്രി കെ രാജൻ

മൂന്നാമതും കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനാധിപത്യം ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വാസ്യതയുള്ള ഒരു ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നത് കമ്മ്യൂണിസ്റ്റുകള്‍ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദി തേര് തെളിച്ചതുകൊണ്ടൊന്നും തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാന്‍ പോകുന്നില്ലന്നും, തൃശൂരില്‍ മാത്രമല്ല, കേരളത്തില്‍ ഒരിടത്തും ഒരു അക്കൗണ്ടും അവര്‍ക്ക് തുറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണി മത്സരിക്കുന്നത് 20 സീറ്റിലാണ്. 20 സീറ്റില്‍ മത്സരിക്കുമ്പോള്‍ ഇത്തവണ വലിയ വിജയമുണ്ടാകും എന്നുതന്നെയാണ് ഞങ്ങള്‍ കരുതുന്നത്. 20 സീറ്റിലും മത്സരിക്കാന്‍ ഞങ്ങള്‍ തയ്യാറാകുന്നത് 20 സീറ്റിലും ജയിക്കാനാണ്.

ഇടതുപക്ഷ ജനാതിപത്യ മുന്നണി ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ കരുത്തനുസരിച്ച് 20 സീറ്റിലും വിജയിക്കുക എന്നുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. എന്തായാലും ഇടതുപക്ഷത്തിന് വലിയ മേല്‍കൈ ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

28-Mar-2024