ആദായനികുതി വകുപ്പിനെതിരെ നാളെ കോൺഗ്രസ് പ്രതിഷേധം

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍1823.08 കോടി രൂപ ഉടനേ അടയ്ക്കണം എന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ച നടപടി ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൈശാചികമായ നടപടിയില്‍ പ്രതിഷേധിച്ച് നാളെ ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ മുന്നില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ ധര്‍ണ നടത്തും. പാര്‍ട്ടി പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ധര്‍ണയില്‍ പങ്കെടുക്കണമെന്ന് ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍നിന്ന് 135 കോടി രൂപ ഇതിനോടകം ബലമായി പിടിച്ചെടുത്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഏകാധിപത്യ രാജ്യങ്ങളില്‍പോലും ഇത്തരം നടപടികള്‍ കേട്ടുകേഴ്‌വി മാത്രമാണെന്ന് ഹസന്‍ പറഞ്ഞു.

29-Mar-2024