കേരളത്തിലെ ജനതാദള്‍ (എസ് ) ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നില്‍ക്കുന്നു: മാത്യു ടി തോമസ്

കേരളത്തില്‍ എല്‍ഡിഎഫ് മുന്നണിയിലുളള ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസിന്റേയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും ചിത്രങ്ങള്‍ കര്‍ണാടകയിലെ ബിജെപിയുടെ പോസ്റ്ററില്‍ വന്നത് വിവാദമാകുന്നു. വിശദീകരണവുമായി ഇരു നേതാക്കളും രംഗത്തെത്തി.

പോസ്റ്റര്‍ വ്യാജമായി നിര്‍മ്മിച്ചതെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. എന്‍ഡിഎയുമായുള്ള ബന്ധം പണ്ടേ ഉപേക്ഷിച്ചതാണ്. വ്യാജ പോസ്റ്റര്‍ ഇറക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഇന്നുതന്നെ ഡിജിപിക്ക് പരാതി നല്‍കും. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രചരിക്കുന്ന പോസ്റ്ററുകള്‍ വ്യാജമെന്ന് മാത്യു ടി തോമസും പറഞ്ഞു. തന്റേയും കെ കൃഷ്ണന്‍കുട്ടിയുടെയും ചിത്രങ്ങള്‍ വച്ച് പോസ്റ്റര്‍ അടിചാല്‍ അവിടെ വോട്ട് കിട്ടുമെന്ന് കരുതുന്നില്ല. കേരളത്തിലെ ജനതാദള്‍ (എസ് ) ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നില്‍ക്കുന്നു. പോസ്റ്ററിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളാണെന്നും അദ്ദേഹം വിശദീകരിച്ചു.

31-Mar-2024