കടമെടുപ്പ്; കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു

കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ല. തൽക്കാലം കടമെടുക്കാൻ കേന്ദ്ര നിബന്ധന പാലിക്കണം.

ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേരളവും കേന്ദ്രവും തമ്മിൽ ച‍ര്‍ച്ച നടത്തുകയും 13,600 കോടി കേരളത്തിന് നൽകാൻ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഹര്‍ജി തളളാതെ പരിഗണിക്കുന്നുവെന്നത് മാത്രമാണ് കേരളത്തിന് ആശ്വാസകരമായുളളത്. എന്നാൽ ഭരണഘടനാ ബെഞ്ചിന് വിട്ടതിനാൽ ഉടൻ വിധിയുണ്ടാകില്ലെന്ന് വ്യക്തമാണ്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹ‍ര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്.

ഏഴ് വർഷം മുമ്പ് സംസ്ഥാന സർക്കാർ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേ ദിവസം കേന്ദ്ര സർക്കാർ എത്തിയതിന് പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കേരളം വാദിച്ചത്.

01-Apr-2024