രമേശ് ചെന്നിത്തലയെ നാട്ടുകാർ തടഞ്ഞുവെച്ചു

തൃക്കുന്നപ്പുഴയിലെ കടൽക്ഷോഭ സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയ ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയെ നാട്ടുകാർ തടഞ്ഞുവെച്ചു. കടൽ ഭിത്തി നിർമ്മിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. വിഷയത്തിൽ കോൺഗ്രസ് പ്രവർത്തകർ കൂടി ഇടപെട്ടതോടെ നാട്ടുകാർ തമ്മിൽ കയ്യാങ്കളിയിലേക്കെത്തി.

രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലാണ് തൃക്കുന്നപ്പുഴ. ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞ തീരത്തും കടലാക്രമണം ശക്തമായാണ് അനുഭവപ്പെട്ടത്. തീരത്തുവെച്ചിരുന്ന നാല് മത്സ്യ ബന്ധന വളളങ്ങൾ തകർന്നു. വള്ളം എടുത്തു മാറ്റാനുള്ള സാവകാശം ലഭിക്കാതെ വന്നതിനെ തുടർന്നാണ് നഷ്ടം നേരിട്ടത്. ഇന്നലെ ഉച്ചയോടെ ഇവിടെ കടലാക്രമണം ശക്തമാകുകയായിരുന്നു.

അതേസമയം കേരളത്തിനും തമിഴ്നാടിനും ഉയർന്ന തിരമാല ജാഗ്രത നിർദേശം നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കടലാക്രമണം രണ്ട് ദിവസം കൂടി തുടരാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ സംഭവിക്കുന്നത് കള്ളക്കടൽ പ്രതിഭാസമാണെന്നും ആശങ്ക വേണ്ടെന്നും ജാഗ്രത പലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

01-Apr-2024