രാജ്യത്തെ നിയമ സംഹിതകള്‍ അട്ടിമറിക്കപ്പെടുന്നു: മുഖ്യമന്ത്രി
അഡ്മിൻ
രാജ്യത്തെ നിയമ സംഹിതകള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടനാ സ്ഥാപനങ്ങള്‍ നോക്കുത്തിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി ഇടപെടാന്‍ അനുവദിക്കാത്ത തരത്തില്‍ ഇടപെടല്‍ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഇപ്പോഴത്തെ രീതിയില്‍ വളര്‍ന്നു വരാന്‍ കാരണം കോണ്‍ഗ്രസ് നിലപാടില്‍ അയവു വരുത്തിയതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആര് എസ് എസ് നിലപാടുകള്‍ ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതാണ് ബിജെപിക്ക് ഗുണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ഘട്ടത്തിലും സ്വന്തം നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം ആര് എസ് എസ് നിലപാട് ഉയര്‍ത്തിപ്പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. നെഹ്റുവിന്റെ നിലപാടല്ല നെഹ്റു കുടുംബം എന്ന് പറയുന്നവരില്‍ നിന്നും പിന്നീട് ഉണ്ടായത്. കോണ്‍ഗ്രസാണ് ബി ജെ പിക്കു ഭരിക്കാന്‍ അവസരമൊരുക്കി കൊടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിക്കെതിരെ വിവിധ സ്ഥലങ്ങളില്‍ കേസ് ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതില്‍ രാമക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതിലുള്ള കേസ് ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. മണിപ്പൂര്‍ വിഷയത്തില്‍ ആനി രാജ പ്രതികരിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയോ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കളോ അവിടെ ഉണ്ടായിരുന്നോ? സിഎഎ വിഷയത്തില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ഏതെങ്കിലും ഒരു കോണ്‍ഗ്രസുകാരന്റെ പേര് അതില്‍ പറയാന്‍ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ജയിലില്‍ പോകാന്‍ ഭയന്നിട്ടാണ് നേതാക്കള്‍ ബിജെപിയില്‍ പോകുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തരം പ്രസ്താവനയിലൂടെ എന്ത് സന്ദേശമാണ് രാഹുല്‍ ഗാന്ധി നല്‍കുന്നത്? കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അന്യായമായി എത്ര പേരെ ജയിലില്‍ ഇട്ടിട്ടുണ്ട്? എന്നിട്ട് അവര്‍ ആരെങ്കിലും പാര്‍ട്ടി മാറിയിട്ടുണ്ടോ. വിശ്വസിക്കാന്‍ പറ്റാത്ത വിഭാഗമാണ് കോണ്‍ഗ്രസ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ അനുഭവം ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.