രാഹുല്‍ ഗാന്ധി എന്തു സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്: മുഖ്യമന്ത്രി
അഡ്മിൻ
ഒരുകാലത്ത് രാജ്യത്തെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്ന കോണ്‍ഗ്രസ് മെല്ലെ, മെല്ലെ ബിജെപിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ഘട്ടത്തിലും സ്വന്തം നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം ആര്‍എസ്എസ് നിലപാട് ഉയര്‍ത്തിപ്പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. കോണ്‍ഗ്രസാണ് ബിജെപിക്ക് ഭരിക്കാന്‍ അവസരമൊരുക്കി കൊടുക്കുന്നത്.
അതേപോലെ തന്നെ ഏക സിവില്‍ കോഡ് വിഷയത്തില്‍ ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് മന്ത്രി അതിനെ സ്വാഗതം ചെയ്തു. പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിക്കുന്ന കോണ്‍ഗ്രസിനെ കാണാന്‍ കഴിഞ്ഞില്ല. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയിലെ കെജ്രിവാളിന്റെ സര്‍ക്കാരിനെതിരായ നടപടികള്‍ കനപ്പിച്ചപ്പോള്‍ അതില്‍ സുപ്രീംകോടതി ഇടപെട്ടു.
കേന്ദ്ര നിലപാട് തെറ്റാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ കോടതിവിധി അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിനെ രാജ്യമാകെ എതിര്‍ത്തെങ്കിലും ഒരക്ഷരം സംസാരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയപ്പോള്‍ ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് അധികാരത്തില്‍ എത്തിയാല്‍ അവിടെ രാമക്ഷേത്രം നിര്‍മിക്കുമെന്നാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ ദിവസം പ്രത്യേക പൂജ നടത്താന്‍ ഉത്തരവിട്ടു.
വെള്ളിയുടെ ഇഷ്ടിക കൊടുത്തയച്ചവരും ഉണ്ട്. രാഹുല്‍ ഗാന്ധി ആ ദിവസം പ്രത്യേകം ഭജനയിരിക്കാന്‍ തീരുമാനിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ വിവിധ സ്ഥലങ്ങളില്‍ കേസുണ്ടെന്നാണ് കേരളത്തിലെ പ്രതിപക്ഷനേതാവ് പറഞ്ഞത്. അതില്‍ രാമക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതിനുള്ള കേസുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം.
മണിപ്പുര്‍ വിഷയത്തില്‍ ആനി രാജ പ്രതികരിക്കാന്‍ മുന്നിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയോ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കളോ അവിടെ ഉണ്ടായിരുന്നോ? സിഎഎ വിഷയത്തില്‍ സിപിഐ എമ്മിന്റെയും സിപിഐയുടെയും നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ ഏതെങ്കിലും ഒരു കോണ്‍ഗ്രസുകാരന്റെ പേര് അതിലുണ്ടോ? കേരളത്തില്‍ കൂട്ടായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാതിരുന്നത് കേന്ദ്രനേതൃത്വം ഇടപെട്ടതിനാലാണെന്നാണ് കരുതുന്നത്.
ജയിലില്‍ പോകാന്‍ ഭയന്നിട്ടാണ് കോൺഗ്രസ് നേതാക്കള്‍ ബിജെപിയില്‍ പോകുന്നതെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇത്തരം പ്രസ്താവനയിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്‌കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അന്യായമായി എത്ര പേരെ ജയിലിലടച്ചിട്ടുണ്ട്. എന്നിട്ട് അവര്‍ ആരെങ്കിലും പാര്‍ടി മാറിയോയെന്നും പിണറായി ചോദിച്ചു.