ത്രിവർണ്ണ ബലൂണിലെ പച്ചയല്ലാതെ ലീഗിന്റെ പച്ച എവിടെയും കണ്ടില്ല: കെടി ജലീൽ

വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുസ്ലിം ലീഗിന്റെ പതാക ഒഴിവാക്കിയതിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. നാളെ മുസ്ലിം ലീഗിൽ നിന്ന് മുസ്ലിം ഒഴിവാക്കണമെന്ന് ആജ്ഞാപിക്കില്ലെന്ന് ആര് കണ്ടുവെന്ന് കെടി ജലീൽ വിമർശിച്ചു.

പണ്ട് കോൺഗ്രസ് ലീഗിനോട് പറഞ്ഞത് സിഎച്ചിനെ സ്പീക്കറാക്കണമെങ്കിൽ 'തൊപ്പി' അഴിച്ചുവെക്കണമെന്നാണ്. ഇന്ന് കോൺഗ്രസ് വയനാട് മണ്ഡലത്തിൽ ലീഗിനോട് കൽപ്പിക്കുന്നത് അബദ്ധവശാൽ പോലും പച്ചപ്പതാക ഉയർത്തിപ്പോകരുതെന്നാണെന്നും കെടി ജലീൽ പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ജലീൽ രൂക്ഷ വിമർശനമാണ് കോൺഗ്രസിനെതിരെ നടത്തുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം

അന്ന് 'തൊപ്പി' ഇന്ന് ''കൊടി'

പണ്ട് കോൺഗ്രസ് ലീഗിനോട് പറഞ്ഞത് സി.എച്ചിനെ സ്പീക്കറാക്കണമെങ്കിൽ 'തൊപ്പി' അഴിച്ചുവെക്കണമെന്നാണ്. ഇന്ന് കോൺഗ്രസ് വയനാട് മണ്ഡലത്തിൽ ലീഗിനോട് കൽപ്പിക്കുന്നത് അബദ്ധവശാൽ പോലും പച്ചപ്പതാക ഉയർത്തിപ്പോകരുതെന്നാണ്! നാളെ മുസ്ലിംലീഗിൽ നിന്ന് മുസ്ലിം ഒഴിവാക്കണമെന്ന് കോൺഗ്രസ് ആജ്ഞാപിക്കില്ലെന്ന് ആര് കണ്ടു

ത്രിവർണ്ണ ബലൂണുകൾ ഉയർത്തി കോൺഗ്രസ് ചുളുവിൽ അവരുടെ പതാകയുടെ പ്രശ്‌നം പരിഹരിച്ചു. ത്രിവർണ്ണ ബലൂണിലെ പച്ചയല്ലാതെ ലീഗിന്റെ പച്ച എവിടെയും കണ്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ കോൺഗ്രസ് തോറ്റത് രാഹുൽ ഗാന്ധിയുടെ ഇടത്തും വലത്തും പച്ചക്കൊടി പിടിച്ചത് കൊണ്ടാണെന്നാണ് വേണുഗോപാലാതികൾ കണ്ടെത്തിയ കാരണം.

ഇക്കുറി വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർത്ഥി പര്യടനത്തിലെവിടെയും പച്ചക്കൊടി കാണില്ല. ലീഗ് പ്രവർത്തകർ പച്ച ഷർട്ടിട്ട് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരുപക്ഷെ, ആട്ടിയോടിക്കപ്പെട്ടേക്കാം. തിരുവനന്തപുരം ജില്ലയിൽ യു.ഡി.എഫ് പരിപാടിയിൽ ലീഗിന്റെ കൊടി കെട്ടാൻചെന്ന പാവം ലീഗുപ്രവർത്തകന്റെ കയ്യിൽ നിന്ന് പതാക പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് 'ഇത് പാക്കിസ്ഥാനിൽ കൊണ്ടുപോയി കെട്ടടാ' എന്നലറിയ കോൺഗ്രസ് നേതാവിന്റെ സ്വരം വയനാട്ടിലേക്കും വ്യാപിച്ചോ

ലീഗിന്റെ അപ്രഖ്യാപിത ''മൂന്നാം സീറ്റായ' വടകരയിലെ ഹരിത പതാകയുടെ പുളപ്പൊന്നും വയനാട് ചുരം കയറിയപ്പോൾ കണ്ടില്ലല്ലോ! പച്ചക്കൊടിയുടെ നിഴൽ പോലും ഭയപ്പെടുന്ന രാഹുൽ ഗാന്ധി എങ്ങിനെ ന്യൂനപക്ഷ താൽപര്യങ്ങൾക്കായി നിലകൊള്ളുമെന്നാണ് ലീഗ് പറയുന്നത് സ്വന്തം പതാക ഉയർത്തി രാഹുലിനെ വരവേൽക്കാൻ പോലും അവസരം ലഭിക്കാത്ത ഹതഭാഗ്യരെക്കുറിച്ച് എന്തു പറയാൻ കരൾ കൊത്തിപ്പറിക്കുന്ന അപമാനവും സഹിച്ച് എത്രനാൾ ലീഗ് യു.ഡി.എഫിൽ തുടരും 'ഇൻഡ്യ' മുന്നണിയിലെ ഒരു ഘടകകക്ഷിയുടെ സ്ഥിതി എത്ര ദയനീയം!

04-Apr-2024