കോണ്‍ഗ്രസിന് അവരുടെ കൊടി പിടിക്കാന്‍ കഴിയാത്തതുകൊണ്ട് മുസ്ലിംലീഗിന്റെ കൊടിയും പിടിക്കാന്‍ സമ്മതിക്കുന്നില്ല: മന്ത്രി മുഹമ്മദ് റിയാസ്

പതാക വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വന്തം ഭരണഘടന സംരക്ഷിക്കാന്‍ കഴിയാത്ത രീതിയില്‍ മുസ്ലിം ലീഗ് മാറിപ്പോയോ എന്നാണ് വയനാട്ടില്‍ ലീഗ് പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ്.

വടകരയില്‍ യുഡിഎഫിന് മുസ്ലിം ലീഗിന്റെ കൊടി വേണം വോട്ടും വേണം. കോഴിക്കോടും ലീഗിന്റെ കൊടിയും വേണം വോട്ടും വേണം. എന്നാല്‍ വയനാട്ടില്‍ ലീഗിന്റെ കൊടി വേണ്ട വോട്ട് മതി എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട് എന്നും അദ്ദേഹം വിമര്‍ശിച്ചു.

2019 ല്‍ വയനാട്ടില്‍ കോണ്‍ഗ്രസിന്റെ കൊടി മാത്രമാണ് പുറത്തെടുത്തത്. അന്നും ഉത്തരേന്ത്യയില്‍ ബിജെപിയെ പേടിച്ച് ലീഗിന്റെ കൊടി പുറത്തെടുക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. ഇത്തവണ ഒരു പാര്‍ട്ടിയുടെയും കൊടി വേണ്ട എന്നായി. സ്വന്തം സ്ഥാനാര്‍ത്ഥി നോമിനേഷന്‍ കൊടുക്കാന്‍ വരുമ്പോള്‍ ലീഗിന്റെ കൊടി പുറത്തെടുക്കാന്‍ യുഡിഎഫ് അനുവദിക്കുന്നില്ല എന്നതായി സ്ഥിതി.

അതിന് അവര്‍ പറയുന്ന കാരണം ഞങ്ങളുടെ സ്ഥാനാര്‍ഥി കൊടിയില്‍ അല്ല ജനങ്ങളുടെ മനസ്സില്‍ ആണ് എന്നാണ്. അങ്ങനെയാണെങ്കില്‍ മറ്റ് 19 മണ്ഡലങ്ങളിലും കൊടിയില്‍ മാത്രമാണോ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.

ഉത്തരേന്ത്യയില്‍ ബിജെപിയുടെ പ്രചാരണത്തെ പേടിച്ച് സ്വന്തം കൊടിപിടിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിറകോട്ട് പോയി. എവിടെ എത്തി നില്‍ക്കുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അവരുടെ കൊടി പിടിക്കാന്‍ കഴിയാത്തതുകൊണ്ട് അവര്‍ മുസ്ലിംലീഗിന്റെ കൊടിയും പിടിക്കാന്‍ സമ്മതിക്കുന്നില്ല.

മുസ്ലിംലീഗിന്റെ ഭരണഘടനയില്‍ പറയുന്നത് അഭിമാനകരമായ അസ്തിത്വം സംരക്ഷിക്കണമെന്നാണ്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് തങ്ങള്‍ എന്നാണ് മുസ്ലിം ലീഗ് പറയുന്നത്. എന്നാല്‍ സ്വന്തം ഭരണഘടന സംരക്ഷിക്കാന്‍ കഴിയാത്ത രീതിയില്‍ മുസ്ലിംലീഗ് മാറിപ്പോയോ എന്നാണ് ലീഗ് പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

05-Apr-2024