പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസിൽ സുരേഷ് ഗോപിക്ക് തിരിച്ചടി

സുരേഷ് ഗോപിയുടെ പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം എറണാകുളം എസിജെഎം കോടതി തള്ളി. മെയ് 28ന് കേസില്‍ വിചാരണ ആരംഭിക്കും. കേസ് റദ്ദാക്കില്ലെന്ന് വ്യക്തമാക്കിയ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സുരേഷ് ഗോപിയുടെ ഹര്‍ജികള്‍ തള്ളി.

2010, 2016 വര്‍ഷങ്ങളില്‍ സുരേഷ് ഗോപി രണ്ട് ആഡംബര കാറുകള്‍ വ്യാജ മേല്‍വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്‌തെന്നും ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നുമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം.

പോണ്ടിച്ചേരിയിലെ ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് സുരേഷ് ഗോപി വാഹന രജിസ്‌ട്രേഷന്‍ നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതേസമയം കേസില്‍ സുരേഷ് ഗോപി നേരത്തെ ജാമ്യം നേടിയിരുന്നു.

05-Apr-2024