കേരളത്തിൽ റബ്ബര്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം അസിയാന്‍ കരാര്‍: മുഖ്യമന്ത്രി

അസിയാന്‍ കരാര്‍ മൂലം രാജ്യത്തെ കാര്‍ഷികമേഖല തകര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് റബ്ബര്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് മൂലം കരാറില്‍ ഒപ്പിടാന്‍ കഴിഞ്ഞില്ല. രണ്ടാം യുപിഎ സര്‍ക്കാരാണ് കരാര്‍ ഒപ്പിട്ടത്. ഈ കരാര്‍ മൂലം രാജ്യത്തേക്ക് റബ്ബര്‍ യഥേഷ്ടം ഇറക്കുമതി ചെയ്തത് വിലയിടിയാന്‍ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെ നയമാണ് ബിജെപി തുടരുന്നത്. ടയര്‍ വില ഉയരുകയും റബ്ബര്‍ വില കുറയുകയും ചെയ്യുന്നു. ഈ തുക കര്‍ഷകര്‍ക്ക് നല്‍കാന്‍ സിപിഐഎം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി 1600 കോടി രൂപ ടയര്‍ കമ്പനിക്ക് പിഴയിട്ടു. ഈ തുക കര്‍ഷകര്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.

റബ്ബര്‍ വില 250 രൂപയാക്കണമെന്നാണ് എല്‍ഡിഎഫ് ആവശ്യം. ഇതിനിടെ കോട്ടയത്ത് തോമസ് ചാഴികാടനെ മുഖ്യമന്ത്രി പുകഴ്ത്തി. തോമസ് ചാഴികാടന്‍ നിലപാടില്‍ വ്യക്തതയുള്ള നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്തുനിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമാണ് തോമസ് ചാഴിക്കാടന്‍.

05-Apr-2024