തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി

കിഫ്ബി മസാല ബോണ്ടിലെ ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യം ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. കുറഞ്ഞപക്ഷം കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന് സിംഗിള്‍ ബെഞ്ച് പരാമർശം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ചൊവ്വാഴ്ച ഹാജരാക്കണമെന്നും ഇഡിയോട് ഹെക്കോടതി ആവശ്യപ്പെട്ടു.

കടുത്ത നിലപാട് പാടില്ലെന്ന ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടികള്‍ പാടില്ലെന്ന ഉത്തരവ് ഹൈക്കോടതി നീട്ടി. കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തിനായി ഇഡി നല്‍കിയ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

അതേസമയം, ഇഡിയ്ക്ക് ഒരിഞ്ച് വഴങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. എന്തുകൊണ്ട് തന്നെ വിളിപ്പിക്കണം എന്ന് കോടതി ഇ ഡിയോട് ചോദിച്ചു. അടുത്ത സിറ്റിങ്ങില്‍ തെളിവ് ഹാജരാക്കാം എന്ന് ഇഡി പറയുന്നു. വ്യവസായ എസ്റ്റേറ്റിന് ഭൂമി എടുത്ത കാര്യമായിരിക്കും ഇഡി പറയുന്നത്. എന്താണ് ഇഡിയുടെ വിശദീകരണമെന്ന് തനിക്ക് കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സി മാത്രമാണ്. ആളുകളെ ഭീഷണിപ്പെടുത്തുക, പണം ബിജെപിക്ക് വാങ്ങിക്കൊടുക്കുക എന്നത് മാത്രമാണ് ഇഡി ചെയ്യുന്നത്. ആളുകളെ ഭിഷണിപ്പെടുത്തുക കൂറ് മാറ്റിക്കുക എന്നതും ഇഡി ചെയ്യുന്നുണ്ട്. അതൊന്നും ഈ കേരളത്തില്‍ നടക്കില്ല.

തെളിവുമായി ഇഡി വരട്ടേ. ചൊവ്വാഴ്ച നോക്കാം, എന്റെ നിലപാട് വ്യക്തമാണ്. ഇഡിയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ല’, തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

05-Apr-2024