ഇലക്ടറല്‍ ബോണ്ട്: എസ്ബിഐ കമ്മീഷനായി കൈപ്പറ്റിയത് 10.68 കോടി രൂപ

2018 മുതൽ 2024 വരെ ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പനയിലും വീണ്ടെടുക്കലിലും 30 ഘട്ടങ്ങളിലായി സർക്കാരിൽ നിന്ന് എസ്.ബി.ഐ കമ്മീഷനായി കൈപ്പറ്റിയത് 10.68 കോടി രൂപ. ഓരോ ബോണ്ടുകൾക്കും ബാങ്ക് ചാർജുകൾ ഈടാക്കി മൊത്തം 10.68 കോടി രൂപയാണ് എസ്ബിഐ ധനമന്ത്രാലയത്തിന് കമ്മീഷനായി ബിൽ ചെയ്തിരിക്കുന്നത്.

വിവരാവകാശ അപേക്ഷ (ആർടിഐ) വഴി ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ച നൂറിലധികം പേജുകളുള്ള കത്തിടപാടുകളും ഇമെയിലുകളും കാണിക്കുന്നത് ബാങ്ക് ഇടപാട് ഫീസിനും ബാങ്ക് ചാർജുകള്‍ക്കും 18% ജിഎസ്ടി സഹിതം "കമ്മീഷൻ" അടയ്ക്കുന്നതിന് വൗച്ചറുകള്‍ എസ്ബിഐ നല്‍കിയിട്ടുണ്ട്. 2018 മുതല്‍ 2024 വരെയുള്ള ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പ്പനയുടെയും വീണ്ടെടുക്കലിന്റേയും 30 ഘട്ടങ്ങളിലാണിത്.

ഇക്കാര്യത്തില്‍ എസ്ബിഎ ഈടാക്കിയിരിക്കുന്ന ചാർജുകളും വ്യത്യസ്തമാണ്. പദ്ധതിയുടെ നാലാം ഘട്ടത്തില്‍ 82 ബോണ്ടുകള്‍ വീണ്ടെടുക്കുമ്ബോള്‍ 1.82 ലക്ഷം രൂപയാണ് ബാങ്ക് കമ്മീഷനായി ചാർജ് ചെയ്തത്. അതേസമയം 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 4,607 ബോണ്ടുകള്‍ വിറ്റപ്പോള്‍ 1.25 കോടി രൂപയായി.

അതേ സമയം കുടിശ്ശിക അടയ്ക്കുന്നതിന് ബാങ്ക് മന്ത്രാലയത്തിന് നോട്ടീസുകളും അയച്ചിട്ടുണ്ട്.മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും തുകയടയ്ക്കാൻ കാലതാമസം വന്നപ്പോള്‍ അന്നത്തെ എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ 2019 ഫെബ്രുവരി 13-ന് സാമ്ബത്തിക കാര്യ സെക്രട്ടറി എസ് സി ഗാർഗിന് ഒരു കത്തും എഴുതിയിരുന്നു. ആ ഘട്ടത്തില്‍, ബോണ്ടുകളുടെ ഏഴ് ഘട്ടങ്ങള്‍ക്കുള്ള കമ്മീഷൻ കുടിശ്ശികയായ 77.43 ലക്ഷം രൂപയാണ് സർക്കാർ എസ്ബിഐക്ക് നല്‍കാനുണ്ടായിരുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇലക്ടറൽ ബോണ്ടുകളുടെ ആവശ്യം കുത്തനെ വർദ്ധിക്കുമെന്ന് എസ്ബിഐ ധനമന്ത്രാലയത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും കണക്കിലെടുത്ത് നിലവിലുള്ള ഇ.ബികളുടെ സ്റ്റോക്ക് വർധിപ്പിക്കേണ്ടതുണ്ടെന്നും ബാങ്ക് മന്ത്രാലയത്തെ അറിയിച്ചിരുന്നു.

05-Apr-2024