സജി മഞ്ഞക്കടമ്പിലിൻ്റെ രാജി ഒഴിവാക്കേണ്ടതായിരുന്നു എന്ന് യുഡിഎഫ്
അഡ്മിൻ
കോട്ടയത്തു പാർട്ടി വിട്ട സജി മഞ്ഞക്കടമ്പിലിനെ അനുനയിപ്പിക്കാൻ നീക്കവുമായി കേരള കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. യുഡിഎഫ് നേതാക്കളുടെ നിർദേശ പ്രകാരമാണ് അനുനയ ചർച്ചകൾ നടക്കുന്നത്. എന്നാൽ രാജി വെച്ച തീരുമാനം തെറ്റാണെന്ന് തോന്നുന്നില്ലെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
പുതിയ രാഷ്ട്രീയ തീരുമാനം പിന്നീട് എടുക്കുമെന്നും സജി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സജി മഞ്ഞക്കടമ്പിലിൻ്റെ രാജി ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. അതുകൊണ്ട് തന്നെ പ്രശ്നം ഉടൻ പരിഹരിക്കാൻ കേരള കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് അനുനയനീക്കങ്ങൾ സജീവമായത്.
പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെയാണ് സജിയുമായി ചർച്ച നടത്തുന്നത്. പി ജെ ജോസഫും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എന്നാൽ എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്നാണ് സജി മഞ്ഞക്കടമ്പിൽ പറയുന്നത്. ഇനിയുള്ള തീരുമാനം കുടുംബവുമായി ആലോചിച്ച് എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.