പാനൂർ സ്ഫോടന കേസിൽ സിപിഎമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേല: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പിടിയിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ സാമൂഹ്യപ്രവര്‍ത്തകനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ . സ്ഫോടനം നടന്ന സ്ഥലത്ത് നേതാവ് പോയത് രക്ഷാപ്രവർത്തനത്തിനാണെന്നും നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. പാനൂര്‍ സ്ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലുള്ളതാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പാനൂർ സ്ഫോടന കേസിൽ സിപിഎമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേല, കേരളത്തില്‍ ഇനി പാര്‍ട്ടി സംഘര്‍ഷാവസ്ഥ ഉണ്ടാക്കില്ല, കൊലപാതത്തെ ഇനി കൊലപാതം കൊണ്ട് നേരിടില്ലെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്, ദുര്‍ബലരാണ് തിരിച്ചടിക്കുക, ബലവാന്മാര്‍ ക്ഷമിക്കുകയാണ് ചെയ്യുക, സ്ഫോടനത്തിൽ പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനാണ്, അതിൻ്റെ ഭാഗമായാണ് ഇയാൾ അപകടസ്ഥലത്ത് എത്തിയത്, പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതാണ്, ഇക്കാര്യംപരിശോധിക്കണമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കേസിൽ ഡി വൈ എഫ് ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു, മിഥുൻലാൽ എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച രാവിലെയാണ് അമൽബാബുവിനെ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടക്കുമ്പോൾ ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ മൂന്നുപേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.
കൂത്തുപറമ്പ് എ സി പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സി പി എം നേതാക്കൾ പോയതിനെയും എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. മരണവീട്ടിൽ പോയി ആശ്വസിപ്പിക്കുന്നത് നാട്ടിൽ പതിവാണെന്ന് അദ്ദേഹം പറഞ്ഞു. സി പി എം പാനൂർ ഏരിയാകമ്മിറ്റി അംഗം സുധീർകുമാറും പൊയിലൂർ എൽ സി അംഗം എ അശോകനുമായിരുന്നു ഷെറിന്റെ വീട്ടിൽ പോയത്.