മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സെഡ് കാറ്റഗറി സുരക്ഷ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) രാജീവ് കുമാറിന്റെ സുരക്ഷ സെഡ് വിഭാഗത്തിലേക്ക് ഉയര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ആഭ്യന്തര മന്ത്രാലയം ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

രാജീവ് കുമാറിന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഉള്‍പ്പെടെ 33 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കുമാറിന്റെ വസതിയില്‍ നിലയുറപ്പിച്ചിട്ടുള്ള 10 സായുധ ഗാര്‍ഡുകളും, 24 മണിക്കൂറും സംരക്ഷണം നല്‍കുന്ന ആറ് വ്യക്തിഗത സുരക്ഷാ ഓഫീസര്‍മാരും (പിഎസ്ഒ) അദ്ദേഹത്തിന് അകമ്പടിയായി മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന 12 സായുധ കമാന്‍ഡോകളും ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, എല്ലാ സമയത്തും കുമാറിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷിഫ്റ്റില്‍ രണ്ട് വാച്ചര്‍മാരും പരിശീലനം ലഭിച്ച മൂന്ന് ഡ്രൈവര്‍മാരും സജ്ജരാണ്.തൃണമൂല്‍ കോണ്‍ഗ്രസും മറ്റും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് കുമാറിന്റെ സുരക്ഷാ പദവി ഉയര്‍ത്താനുള്ള തീരുമാനം.

ഏപ്രില്‍ 19 ന് ആരംഭിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഈ നീക്കം. 1984 ബാച്ചിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. 2022 മെയ് 15 നാണ് അദ്ദേഹം 25-ാമത് സിഇസി ആയി ചുമതലയേറ്റത്.

09-Apr-2024