രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്ങ്മൂലത്തില്‍ വരുമാനം കുറച്ചുകാണിച്ചെന്ന് പരാതി

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം. തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്ങ്മൂലത്തില്‍ വരുമാനം കുറച്ചുകാണിച്ചെന്ന യുഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

സത്യവാങ്ങ്മൂലത്തില്‍ സൂചിപ്പിച്ച സ്വത്തുക്കളും വരുമാനവും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
2021 -22 സാമ്പത്തിക വര്‍ഷത്തിൽ നികുതിബാധക വരുമാനമായി വെറും 680 രൂപയാണെന്ന് കാണിച്ചതിന് ശേഷമാണ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തെ ചൊല്ലിയുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടത്.

എന്നാല്‍, 2022 2023 സാമ്പത്തിക വര്‍ഷങ്ങളില്‍ അദ്ദേഹം 17.5 ലക്ഷവും 5.50 ലക്ഷം രൂപയും വരുമാനവും കാണിച്ചിരുന്നു. 28 കോടിയുടെ മൊത്തം ആസ്തിയും പ്രഖ്യാപിച്ചു. പണം, ബാങ്ക് നിക്ഷേപങ്ങള്‍, ബാങ്കിങ് ഇതര ധനകാര്യ കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ഹോള്‍ഡിംഗുകള്‍, നിക്ഷേപ ബോണ്ടുകള്‍, കടപ്പത്രങ്ങള്‍, ഓഹരികള്‍, കമ്പനികളിലെ യൂണിറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, മറ്റ് സാമ്പത്തിക ഉപകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ബംഗളൂരുവിലെ 14.4 കോടി വിലമതിക്കുന്ന കാര്‍ഷികേതര ഭൂമിയായിരുന്നു അദ്ദേഹത്തിന്റെ ഏക പ്രഖ്യാപിത സ്ഥാവര സ്വത്ത്. എന്നാല്‍, ബംംഗളൂരുവിലെ സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉടമസ്ഥതയിലുള്ള മറ്റ് റിയല്‍ എസ്റ്റേറ്റ് വിവരങ്ങൾ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

കൂടാതെ, ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന ഹോള്‍ഡിംഗ് കമ്പനിയുമായുള്ള ബന്ധം വെളിപ്പെടുത്താന്‍ ചന്ദ്രശേഖര്‍ തയ്യാറായിലെന്ന് എല്‍ഡിഎഫും ആരോപിച്ചിരുന്നു. ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ വെബ്സൈറ്റില്‍ രാജീവ് ചന്ദ്രശേഖറിനെ 'സ്ഥാപകന്‍' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും എല്‍ഡിഎഫ് ആരോപിച്ചു.

എന്നാല്‍, ആരോപണങ്ങളെയെല്ലാം ചന്ദ്രശേഖര്‍ നിരസിച്ചു. തന്റെ സ്വത്തുക്കളുടെ വെളിപ്പെടുത്തലുകളും നിയമത്തിന് അനുസൃതമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ശശി തരൂര്‍ സത്യവാങ്ങ്മൂലത്തില്‍ 55 കോടിയുടെ ആസ്തിയാണ് കാണിച്ചത്.

09-Apr-2024