ശശി തരൂരിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖര്‍
അഡ്മിൻ
തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും എം പിയുമായ ശശി തരൂരിന് വക്കീല്‍ നോട്ടീസ് അയച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരേ നടത്തിയ അസത്യ പ്രചാരണത്തിനും വ്യാജ പ്രസ്താവനകള്‍ക്കുമെതിരെയാണ് നിയമനടപടി.
തരൂരിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തിയാണെന്നും തരൂരിന് അയച്ച വക്കീല്‍ നോട്ടീസില്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിക്കുന്നു.
നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിന്‍വലിച്ചു പൊതുസമൂഹത്തോട് ശശി തരൂര്‍ മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്‍ ഡി എയും രാജീവ് ചന്ദ്രശേഖറും ഇലക്ഷന് കമ്മീഷനെ സമീപിച്ചിരുന്നു. ആര്‍ക്കും എന്തും പറഞ്ഞു പോകാന്‍ കഴിയില്ലെന്നും ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്റെ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു.
പ്രസ്താവനകള്‍ നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഈ വിഷയത്തിന്മേല് ഒന്നും പ്രതികരിക്കാന്‍ ശശി തരൂര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ നിയമ നടപടികള്‍ കടുപ്പിച്ചത്. തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്കിടയില്‍ തരൂര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഇടവക വൈദികര്‍ ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികള്‍ക്ക് പണം നല്കി വോട്ട് സ്വാധീനിക്കാന്‍ താന്‍ ശ്രമിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ശശി തരൂര്‍ പ്രചരിപ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു.