രാഹുൽ ഗാന്ധി ബി.ജെ.പിക്ക് എതിരെ മത്സരിക്കാത്തത് തെറ്റായ സന്ദേശം നൽകും: മന്ത്രി പി രാജീവ്

രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ് . രാഹുല്‍ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് എതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടമെങ്കില്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെയാണ് മത്സരിക്കേണ്ടത്. അല്ലാതെ ബി.ജെ.പിക്ക് എതിരെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയ ഇടതുപക്ഷത്തിന് എതിരെ ആകരുതായിരുന്നു മത്സരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഇടതുപക്ഷം പരമാവധി സീറ്റുകളില്‍ ജയിക്കാന്‍ പ്രവര്‍ത്തിക്കും. ജനങ്ങള്‍ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കും. നല്ല വിജയം ഉണ്ടാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അതേപോലെ തന്നെ രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ മത്സരിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

അതിന്റെ കാരണം ബിജെപിക്ക് എതിരെയുള്ള പോരാട്ടം നയിക്കുമെന്ന് പറയുന്ന ഒരാള്‍ ബിജെപിക്കെതിരെ മത്സരിക്കാന്‍ ധൈര്യം കാണിക്കാതെ, ബിജെപിക്കെതിരെയുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി നില്‍ക്കുന്ന ഇടതുപക്ഷത്തിന് എതിരെ മത്സരിക്കാന്‍ വരുമ്പോള്‍ കേരളത്തിലെ മതനിരപേക്ഷവാദികള്‍ ഉള്‍പ്പെടെ അതിനെതിരെയുള്ള ഒരു വികാരം ആയിരിക്കും സ്വീകരിക്കുക.

കേരളത്തില്‍ അദ്ദേഹം മത്സരിക്കുന്നത് യുഡിഎഫിനെ തുറന്നു കാണിക്കുവാന്‍ കുറെ കൂടി സഹായകരമായിരിക്കും. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കലാണ് മതനിരപേക്ഷവാദികള്‍ ചെയ്യേണ്ടത്. ബിജെപിക്കെതിരെ ശക്തമായി നിലപാട് സ്വീകരിക്കാന്‍ കഴിയുന്നത് ഇടതുപക്ഷമാണ് എന്ന ചിന്ത ശക്തിപ്പെടുത്തുന്നത്തിലേക്കെത്തും എന്നാണ് താൻ കരുതുന്നതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പി രാജീവ് പറഞ്ഞു.

10-Apr-2024