സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റും; വിവാദത്തിലായി കെ സുരേന്ദ്രന്റെ പരാമര്‍ശം

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടമാക്കുമെന്ന പരാമര്‍ശത്തില്‍ വിവാദത്തിലായി കെ സുരേന്ദ്രന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് സുരേന്ദ്രന്‍. താന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടമാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സുല്‍ത്താന്‍ ബത്തേരിയുടെ ശരിയായ പേര് ഗണപതിവട്ടം എന്നാണ്. ബ്രിട്ടീഷുകാരാണ് ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുല്‍ത്താന്‍ ബത്തേരി ആക്കി മാറ്റിയത്. സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥം വരുന്ന സുല്‍ത്താന്‍ ബാറ്ററി പിന്നീട് സുല്‍ത്താന്‍ ബത്തേരി ആയതാണ്.

താന്‍ എംപിയായാല്‍ ആദ്യ പരിഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടും. 1984ല്‍ പ്രമോദ് മഹാജന്‍ വയനാട് സന്ദര്‍ശിച്ച സമയത്ത് ഇക്കാര്യം താന്‍ സൂചിപ്പിച്ചിരുന്നതാണെന്നും കെ സുരേന്ദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

ഇതോടൊപ്പം സുരേന്ദ്രനെതിരെ സിപിഎമ്മും രംഗത്തെത്തി. ആളുകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണിതെന്നും വയനാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണിതെന്നും കല്‍പ്പറ്റ മുന്‍ എംഎല്‍എ സികെ ശശീന്ദ്രൻ പറഞ്ഞു. സാഹിത്യക്കാരൻ കെ സച്ചിദാനന്ദൻ, എഴുത്തുക്കാരൻ ഒകെ ജോണി തുടങ്ങിയ നിരവധി പേരും പേരുമാറ്റല്‍ വിവാദത്തിനെതിരെ രംഗത്തെത്തി.

മലയാളികളെ ആക്രമിക്കുകയും ഹിന്ദുക്കളെ മതംമാറ്റുകയും ചെയ്ത വ്യക്തിയാണ് ടിപ്പു സുല്‍ത്താന്‍ അതിനാല്‍ സുല്‍ത്താന്‍ ബത്തേരി എന്ന പേരിന്റെ ആവശ്യമില്ല എന്നും സുരേന്ദ്രന്‍ പരഞ്ഞു. വിഷയം ചര്‍ച്ചയായതോടെ വിശദീകരണത്തിനൊരുങ്ങുകയാണ് ബിജെപി.

11-Apr-2024