കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങി ബിജെപി പ്രവർത്തകർ
അഡ്മിൻ
ബിജെപി മുന്‍ എംഎല്‍എ പ്രീതം ഗൗഡയുടെ അനുയായികള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി ഹാസനില്‍ പ്രചാരണത്തിനിറങ്ങി. ജനതാദള്‍ -എസ് സിറ്റിങ് എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രേയസ്സ് പട്ടേലിനായി പരസ്യ പ്രചരണത്തിനിറങ്ങിയത്.
ഗൗഡയുടെ അടുത്ത അനുയായി ഉദ്ദുര്‍ പുരുഷോത്തം ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ അറിയിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇവര്‍ പട്ടേലിനു വോട്ടു തേടി. എന്നാല്‍, ഇവര്‍ തന്റെ അനുയായികളല്ലെന്നും എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും പ്രീതം ഗൗഡ പ്രതികരിച്ചു.
നേരത്തേ ഹാസന്‍ മണ്ഡലം ദളിനു വിട്ടുകൊടുക്കരുതെന്നും ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും അദ്ദേഹം ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രജ്വലിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ നിന്നു ഗൗഡയടക്കമുള്ള ബിജെപി നേതാക്കള്‍ വിട്ടുനിന്നിരുന്നു.