കോണ്‍ഗ്രസ് നേതാവും മുൻ എം.എല്‍.എയുമായ സുലൈമാൻ റാവുത്തര്‍ സി.പി.എമ്മിലേക്ക്

മുൻ എം.എല്‍.എ.യും കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി. പി. സുലൈമാൻ റാവുത്തർ സി.പി.എമ്മിലേക്ക് പോകുന്നതായി റിപ്പോർട്ട്. കെ.പി.സി.സിയുടെ രമേശ് ചെന്നിത്തല ചെയർമാനായുള്ള 25 അംഗ തിരഞ്ഞെടുപ്പ് പ്രചരണസമിതി അംഗത്വം രാജിവെച്ചാണ് സിപിഎമ്മിലേക്ക് എത്തുന്നത്.

വി.എം. സുധീരൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറായിരിക്കെ സംസ്ഥാന ട്രഷറർ ആയും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡൻറായിരിക്കേ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1982 ല്‍ ഇടുക്കിയില്‍ എല്‍.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച്‌ 1200 വോട്ടിന് പരാജയപ്പെട്ടു.

1996 ല്‍ ഇപ്പോഴത്തെ യു.ഡി.എഫ്. കണ്‍വീനർ ജോയി വെട്ടിക്കുഴിയെ പരാജയപ്പെടുത്തി ഇടുക്കിയില്‍ നിന്നും എല്‍.ഡി.എഫ്. എം.എല്‍.എ. ആയി. രണ്ട് തവണ ഇടുക്കി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച്‌ 30,000 വോട്ടുകള്‍ വീതം നേടിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് തൊടുപുഴ പ്രസ് ക്ലബ്ബില്‍ സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വർഗീസിനോടൊപ്പം സുലൈമാൻ റാവുത്തർ വാർത്താസമ്മേളനത്തില്‍ പങ്കെടുക്കും എന്നാണ് പുറത്തു വരുന്ന വിവരം.

11-Apr-2024