വെറുപ്പിന്റെ കൂട്ടുകാര്‍ക്ക് ഇവിടെ സ്ഥാനം ഇല്ല; അതുകൊണ്ടാണ് വര്‍ഗീയ അജണ്ട കേരളത്തില്‍ വിജയിക്കാത്തത്: മന്ത്രി വി ശിവൻകുട്ടി

കേരളാ സര്‍ക്കാരിന്റെ പാഠപുസ്തകം എന്ന നിലയില്‍ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി. കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്ന് ഡിജിപിയ്ക്ക് നല്‍കിയ പരാതി മന്ത്രി ചൂണ്ടിക്കാട്ടി.

'Mr Sinha' എന്ന ഹാന്‍ഡില്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കേരള സര്‍ക്കാരിന്റേത് എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള പേജുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നത വിതയ്ക്കാനും കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെ ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് വച്ചു പൊറുപ്പിക്കാനാവില്ല.

ഈ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്യാനും അക്കൗണ്ട് ഉടമയുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പരാതിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ മന്ത്രി ശിവന്‍കുട്ടി കഴിഞ്ഞദിവസം നടത്തിയ പ്രതികരണം:'ഇത് കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുസ്തകം അല്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.

കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിത്. കേരളത്തില്‍ ജീവിക്കുന്ന, കേരളത്തില്‍ എത്തുന്ന ഏവര്‍ക്കും അറിയാം എത്രമാത്രം സാഹോദര്യത്തോടെയും സൗഹാര്‍ദ്ദത്തോടെയും ആണ് ഇവിടെ ജനങ്ങള്‍ കഴിയുന്നത് എന്ന്. വെറുപ്പിന്റെ കൂട്ടുകാര്‍ക്ക് ഇവിടെ സ്ഥാനം ഇല്ല. അതുകൊണ്ടാണ് വര്‍ഗീയ അജണ്ട കേരളത്തില്‍ വിജയിക്കാത്തത്.'

അതേസമയം, സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തിലുള്ള വ്യാജമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.

സാമൂഹ്യ മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളും നിരന്തരം നിരീക്ഷിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ തലത്തിലും മീഡിയ മോണിറ്ററിംഗ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസും ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. വ്യാജ വാര്‍ത്തകള്‍, പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ വാര്‍ത്തകള്‍, പെയ്ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാല്‍ നിമയാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.

11-Apr-2024