‘ഗണപതിവട്ട’ വിവാദത്തില്‍ കെ സുരേന്ദ്രനെതിരെ ആനി രാജ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഗണപതിവട്ടം പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആനി രാജ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് പത്ത് വോട്ട് നേടുക എന്നതാണ് ലക്ഷ്യം എന്ന് ആനി രാജ പറഞ്ഞു. അവസാന ശ്രമം നിലയിലാണ് വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രയോഗം ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നും ആനി രാജ പ്രതികരിച്ചു.

ജനകീയ വിഷയങ്ങളില്‍ ഒന്നും തന്നെ സുരേന്ദ്രന് പ്രതികരണമില്ല. പ്രസ്താവനയുടെ ലക്ഷ്യം ജനശ്രദ്ധ നേടുക എന്നതാണ്. ജനങ്ങളെ വിഭജിച്ച് വോട്ട് നേടാനാണ് ശ്രമം. കേരളത്തില്‍ കെ സുരേന്ദ്രന്റെ വിത്ത് മുളക്കില്ല. എല്ലാ വിഭാഗവും ഇടകലര്‍ന്ന് ജീവിക്കുന്ന മണ്ണ് ആണിത്. സാഹോദര്യം നിലനില്‍ക്കുന്ന മണ്ഡലമാണിത്. അവിടേക്കാണ് വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ അത് അനുവദിക്കില്ല.

ജനങ്ങളുടെ മുന്നില്‍ പ്രചരണം നടത്താന്‍ ബിജെപിക്ക് വിഷയങ്ങളില്ല. അതിനാലാണ് ഇത്തരം പ്രയോഗങ്ങളുമായി വരുന്നതെന്നും ആനി രാജ പറഞ്ഞു.വയനാട് മണ്ഡലത്തില്‍ ജനങ്ങള്‍ നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതിനു പകരം അവരുടെ മനസിലേക്ക് വര്‍ഗീയതയുടെ വിഷം കുത്തി നിറക്കാനാണ് ബിജെപി സ്ഥാനാര്‍ഥി കുടിയായ സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്ന് ആനി രാജ പറഞ്ഞു.

12-Apr-2024