മോദിയുടെ അവകാശവാദം ബിജെപിയുടെ ആസന്നമായ പരാജയം മറച്ചുവയ്ക്കാനുള്ള കണ്‍കെട്ട് വിദ്യ : എംവി ഗോവിന്ദൻ മാസ്റ്റർ

ലോകസഭാ തിരഞ്ഞെടുപ്പില്‍ 400ല്‍ അധികം സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം ബിജെപിയുടെ ആസന്നമായ പരാജയം മറച്ചുവയ്ക്കാനുള്ള കണ്‍കെട്ട് വിദ്യ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ . രാജ്യമെങ്ങും ബിജെപിക്കെതിരെ ജനരോഷം ഇരമ്പുകയാണ്. ബിഹാറില്‍ ബിജെപി സ്ഥാനാര്‍ഥികളെ ജനങ്ങള്‍ പരസ്യമായി ചോദ്യംചെയ്യുന്ന സാഹചര്യം സംജാതമായിരിക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്ത്യ കൂട്ടായ്മ ബഹുദൂരം മുന്നിലാണ്. ജാട്ട് കര്‍ഷകര്‍ ഏറെയുള്ള രാജസ്ഥാനിലെ ശെഖാവതി മേഖല, ഹരിയാന, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളിലും ബിജെപിക്കെതിരായ ജനരോഷം പ്രകടമാണ്. ജാട്ട് കര്‍ഷകരും ദളിതരും മുസ്ലിങ്ങളും മതനിരപേക്ഷവാദികളും ഇന്ത്യ കൂട്ടായ്മയ്ക്കു കീഴില്‍ അണിനിരക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ബിജെപിക്കെതിരെയുള്ള ഈ ജനവികാരം പെട്ടെന്ന് ഉയരാന്‍ പ്രധാന കാരണം ഇലക്ടറല്‍ ബോണ്ട് അഴിമതിയാണ്. 2018നും 2024നും ഇടയില്‍ കൈമാറിയ ഇലക്ടറല്‍ ബോണ്ടിന്റെ പകുതിയിലധികവും (8252 കോടി രൂപ) ലഭിച്ചത് ബിജെപിക്കാണ്. മോദിയുടെ അഴിമതിവിരുദ്ധ മുഖംമൂടിയാണ് ഇതോടെ അഴിഞ്ഞുവീണത്.

നിയമനിര്‍മാണത്തിലൂടെ രഹസ്യമാക്കിവയ്ക്കാന്‍ തീരുമാനിച്ചിരുന്ന ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് പുറത്തുവന്നതാണ് മോദിയുടെ ഈ പതനത്തിന് പ്രധാന കാരണം.
ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഏക രാഷ്ട്രീയ പാര്‍ടി സിപിഐ എമ്മാണ് (അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും പരമോന്നത കോടതിയെ സമീപിച്ചിരുന്നു).

വൈകിയാണെങ്കിലും സുപ്രീംകോടതി ചരിത്രപരമായ വിധിന്യായത്തിലൂടെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞ് റദ്ദാക്കി. ബോണ്ടുകള്‍ ആരു വാങ്ങി, ഏത് രാഷ്ട്രീയ പാര്‍ടിക്ക് കൊടുത്തുവെന്ന വിവരംകൂടി പുറത്തുവന്നതോടെ ലോകത്തിലെതന്നെ ഏറ്റവും വലിയ അഴിമതി നടത്തിയ പാര്‍ടിയായി ബിജെപി മാറി. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിവരം മറച്ചുവച്ചെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും ഇന്ത്യന്‍ ജനത ഇതറിഞ്ഞു. ഇതോടെ ബിജെപിയുടെ തന്ത്രം പൊളിഞ്ഞു.

ഇന്ത്യ കൂട്ടായ്മയ്ക്കും മതനിരപേക്ഷ ജനാധിപത്യശക്തികള്‍ക്കും തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നേടിക്കൊടുക്കുന്നതിന് സിപിഐ എമ്മിന്റെ ഈ ഇടപെടല്‍ വഴിവച്ചു. ബിജെപിയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ലോക്‌സഭയില്‍ മൂന്ന് എംപിമാര്‍ മാത്രമുള്ള സിപിഎം ആണെന്നത് ബിജെപിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. 303 സീറ്റുള്ള ബിജെപിയുടെ മുഖംമൂടി വലിച്ചുകീറിയത് മൂന്ന് എംപിമാര്‍ മാത്രമുള്ള സിപിഎമ്മാണ്. പാര്‍ലമെന്റിലെ അംഗസംഖ്യകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം അളക്കാന്‍ കഴിയില്ലെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാനോ അതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് തുറക്കാനോ സിപിഎം തയ്യാറായില്ല. ഏറ്റവുമധികം പണമുള്ള പക്ഷത്തേക്ക് രാഷ്ട്രീയാധികാരം നീങ്ങുന്ന, നവഉദാര നയത്തിന്റെ ഈ കാലത്ത് പണത്തിന്റെ പളപളപ്പില്‍ കണ്ണ് മഞ്ഞളിക്കാത്ത രാഷ്ട്രീയ പാര്‍ടികളുമുണ്ടെന്ന് സിപിഎമ്മും സിപിഐയും തെളിയിച്ചു. പാര്‍ടി അംഗങ്ങളില്‍നിന്ന് ലെവിയായും രസീത് നല്‍കിയും പിരിച്ചെടുക്കുന്ന തുകയാണ് പാര്‍ടിയുടെ പ്രവര്‍ത്തന ഫണ്ട്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദിയുടെയും ബിജെപിയുടെയും അഴിമതിവിരുദ്ധ മുഖം വലിച്ചുകീറപ്പെട്ടത് സിപിഎമ്മിന്റെ ഇടപെടല്‍ കാരണമാണ്. അതിനാല്‍ സിപിഎമ്മിന്റെ രാഷ്ട്രീയ സത്യസന്ധതയ്ക്കുമേല്‍ കരിവാരിത്തേക്കണമെന്നത് ആര്‍എസ്എസ് ബിജെപി നേതൃത്വത്തിന്റെ തീരുമാനമാണ്.


അതിനായി എന്തെങ്കിലും കച്ചിത്തുരുമ്പു കിട്ടാനായി അലയുകയായിരുന്നു അവര്‍. അവസാനം കണ്ടെത്തിയതാണ് സിപി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്. കരുവന്നൂര്‍ ബാങ്കിലെ ഇടപാട് സംബന്ധിച്ച ആരോപണവുമായി ഇതിനെ എളുപ്പം കൂട്ടിക്കുഴയ്ക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. മുഖ്യധാരാ മാധ്യമങ്ങളുടെയും മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന്റെയും പിന്തുണ അവര്‍ക്ക് ലഭിക്കുമെന്ന ഗ്യാരന്റിയും ഇത്തരമൊരു നീക്കത്തിന് കാരണമായി.

കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൌണ്ടുകള്‍ ഉണ്ടെന്ന വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത് ഇക്കണോമിക് ടൈംസിലാണ്. ഇഡി ഇതുസംബന്ധിച്ച വിവരം റിസര്‍വ് ബാങ്കിനും ധനമന്ത്രാലയത്തിലെ റവന്യു ഡിപ്പാര്‍ട്ട്‌മെന്റിനും തെരഞ്ഞെടുപ്പുകമീഷനും നല്‍കിയെന്നായിരുന്നു ഡല്‍ഹിയില്‍നിന്നുള്ള വാര്‍ത്ത. വാര്‍ത്തയുടെ സ്രോതസ്സ് ഇഡിയാണ് എന്നതില്‍ സംശയമില്ല. ഇഡിയിലെ ചില ഉദ്യോഗസ്ഥരാണ് ഈ കെട്ടുകഥ രാജ്യത്തെ പ്രമുഖ ബിസിനസ് പത്രത്തിനു നല്‍കിയത്. ഇഡി, സിബിഐ, ആദായനികുതി വിഭാഗം എന്നിവയെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ടികളെയും നേതാക്കളെയും വേട്ടയാടുന്നതിന്റെ തുടര്‍ച്ചയായാണ് സിപിഐ എമ്മിനെതിരെയുള്ള ഈ നീക്കം.

മൂന്നു പതിറ്റാണ്ടായി സിപിഐ എം ജില്ലാ കമ്മിറ്റിക്കുള്ള ബാങ്ക് ഓഫ് ഇന്ത്യ അക്കൌണ്ടാണ് മരവിപ്പിച്ചത്. ഏപ്രില്‍ അഞ്ചിനാണ് എംജി റോഡിലെ ബാങ്ക ഓഫ് ഇന്ത്യ ബ്രാഞ്ചില്‍ ആദായനികുതി വിഭാഗം പരിശോധന നടത്തിയതും തൊട്ടടുത്ത ദിവസം അക്കൌണ്ട് മരവിപ്പിച്ചതായുള്ള അറിയിപ്പ് ഉണ്ടായതും. എന്തിനുവേണ്ടിയാണ് ഈ നടപടി എന്നതിന് ഇപ്പോഴും വ്യക്തതയില്ല. അക്കൌണ്ട് ഉടമയ്ക്ക് ഇതുസംബന്ധിച്ച് ഒരു നോട്ടിസും ലഭിക്കുകയുണ്ടായില്ല. അക്കൌണ്ട് ഉടമയ്ക്ക് പറയാനുള്ള കാര്യം കേട്ടിട്ടുമില്ല, സ്വാഭാവിക നീതിയാണ് നിഷേധിക്കപ്പെട്ടത്. ആദായനികുതി വകുപ്പിന്റെ നടപടി തനി തോന്ന്യാസവും ഗുണ്ടായിസവുമാണ്. നിയമപരമായി ഇതിനെ ചോദ്യംചെയ്യും.

പണം സ്വീകരിക്കുന്ന കാര്യത്തില്‍ ബിജെപിയെ പോലെയാണ് സിപിഎമ്മും എന്ന് വരുത്തിത്തീര്‍ക്കുക മാത്രമല്ല, തൃശൂര്‍ മണ്ഡലത്തില്‍ കിതച്ചുകൊണ്ടിരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സുരേഷ്ഗോപിക്ക് ജീവജലം നല്‍കുകയെന്നതും ബിജെപിയുടെയും അവരുടെ സഖ്യകക്ഷിയായി മാറിയ ആദായനികുതി വകുപ്പിന്റെയും ലക്ഷ്യമാണ്. വാഹന നികുതി വെട്ടിച്ച കേസില്‍ സുരേഷ്‌ഗോപി വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞതോടെ ബിജെപി ശരിക്കും വെട്ടിലായി.

വിദൂരമായ മൂന്നാം സ്ഥാനംകൊണ്ട് സുരേഷ്ഗോപിക്ക് തൃപ്തിയടയേണ്ടിവരുമെന്ന് വന്നപ്പോഴാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ മുന്നേറ്റം തടയുക ലക്ഷ്യമാക്കി സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റി അക്കൌണ്ട് അന്യായമായി മരവിപ്പിച്ചതെന്നും അദേഹം പറഞ്ഞു.

13-Apr-2024