ഹിന്ദുത്വത്തിലൂന്നി പുറത്തിറക്കിയ ബിജെപി പ്രകടന പത്രിക

ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വ നിലപാടിലൂന്നി ബിജെപിയുടെ പ്രകടന പത്രിക. അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമാക്കുമെന്നും ലോകമാകെ രാമായണോത്സവം സംഘടിപ്പിക്കുമെന്നും നരേന്ദ്രമോദിയുടെ ഗ്യാരണ്ടി.

കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില അടക്കം നടപ്പിലാക്കാന്‍ കഴിയാത്ത മുന്‍ വാഗ്ദാനങ്ങളെക്കുറിച്ചും ഇലക്ടറല്‍ ബോണ്ട് കോഴയെക്കുറിച്ചും പ്രകടന പത്രികയില്‍ മൗനം. തീവ്ര ഹിന്ദുത്വത്തിലൂന്നിയ മോദി ഗ്യാരന്റി തന്നെയാണ് ബിജെപി മൂന്നാം തവണയും അധികാരത്തുടര്‍ച്ചയില്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ ചേര്‍ന്ന് പ്രകടന പത്രിക പുറത്തിറക്കി. ദളിത്, കര്‍ഷക, സ്ത്രീ, യുവാക്കള്‍ എന്നീ വിഭാഗങ്ങളുടെ പുരോഗതിയാണ് ലക്ഷ്യമെന്ന് പറയുമ്പോഴും പുതിയ പ്രഖ്യാപനങ്ങളോ ദീര്‍ഘവീഷണങ്ങളോ പ്രകടന പത്രികയിലില്ല.

അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍കോഡ് രാജ്യത്ത് നടപ്പാക്കുമെന്നതാണ് മോദിയുടെ പ്രധാന ഗ്യാരന്റി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും, ലോകമാകെ രാമായണോത്സവം സംഘടിപ്പിക്കും, അയോധ്യയില്‍ കൂടുതല്‍ വികസനം നടപ്പാക്കും എന്നിങ്ങനെ പൂര്‍ത്തീകരിക്കാനാവാത്ത ആര്‍എസ്എസ് അജണ്ടകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് മോദി പ്രഖ്യാപിക്കുന്നു.

കൂടുതല്‍ വന്ദേഭാരത്, ബുളളറ്റ് ട്രെയിനുകള്‍, ദരിദ്ര്യ വിഭാഗങ്ങള്‍ക്ക് മൂന്ന് കോടി വീടുകള്‍, 6G സാങ്കേതിക വിദ്യ, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കും. റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ച് വര്‍ഷം സൗജന്യമായി നല്‍കും, സോളാര്‍ പാനലുകള്‍ പ്രോത്സാഹിപ്പിച്ച് വൈദ്യുതി നിരക്ക് പൂജ്യത്തിലെത്തിക്കും എന്നിങ്ങനെ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

എന്നാല്‍ വിലക്കയറ്റം, തൊഴിലില്ലായ്മ, എന്നിവ പരിഹരിക്കാനുളള പദ്ധതികളോ കര്‍ഷകരുടെ മിനിമം താങ്ങുവില സംബന്ധിച്ചോ പ്രകടന പത്രികയില്‍ മൗനം മാത്രം.

14-Apr-2024