അണ്ണാമലൈക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്
അഡ്മിൻ
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ അണ്ണാമലയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. സെക്ഷന്‍ 143, 286, 341 ഐപിസി 290 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോയമ്പത്തൂരില്‍ രാത്രി പത്ത് മണിക്ക് ശേഷവും പ്രചാരണം നടത്താന്‍ ശ്രമിച്ചതിനാണ് സുലൂര്‍, സിംഗനെല്ലൂര് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
തിരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ച സമയത്തിനപ്പുറം ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നതിനെ ഡിഎംകെ പ്രവര്‍ത്തകരും സഖ്യകക്ഷികളായ ഇടതുപക്ഷ പാര്‍ട്ടികളും എതിര്‍ത്തതിനെത്തുടര്‍ന്ന് അണ്ണാമലൈയ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഏതാനും നേതാക്കള്‍ക്കുമെതിരെ കഴിഞ്ഞയാഴ്ച മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഡിഎംകെ അംഗം നല്കിയ പരാതിയെ തുടര്‍ന്ന് പീളമേട് പൊലീസ് നാല് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. തമിഴ്നാട്ടില്‍ ബിജെപി ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കോയമ്പത്തൂര്‍. സ്വന്തം മണ്ഡലമായ കരൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച അണ്ണാമലെയെ കൂടുതല്‍ വിജയ സാദ്ധ്യതയുള്ള കോയമ്പത്തുരില്‍ മത്സരിക്കാന്‍ നേതൃത്വം നിര്‍ദേശിച്ചതിനു പിന്നില്‍ അത് തന്നെയായിരുന്നു കാരണം.