പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു
അഡ്മിൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കെട്ടിയ വടം കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രിയോടെയാണ് ബന്ധപ്പെട്ട അധികാരികളുടെ അശ്രദ്ധയിൽ ഒരു വിലപ്പെട്ട ജീവൻ കൂടി നിരത്തിൽ പൊലിഞ്ഞത്. വടുതല സ്വദേശിയായ മനോജ് ഉണ്ണി (28) ആണ് മരണപ്പെട്ടത്.
സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മനോജ് വടം കെട്ടിയത് അറിയാതെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. എന്നാൽ ഇത് കഴുത്തിൽ കുരുങ്ങിയതോടെ യുവാവ് തെറിച്ചു വീഴുകയായിരുന്നു. പള്ളിമുക്ക് ജംഗ്‌ഷനിൽ വച്ചായിരുന്നു രാത്രി പത്ത് മണിയോടെ അപകടം നടന്നത്.
മോദിയുടെ വരവ് പ്രമാണിച്ച് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എംജി റോഡിൽ വാഹന ഗതാഗതം നിരോധിച്ചിരുന്നു. അതിനായി കെട്ടിയ വടത്തിൽ കുരുങ്ങിയാണ് മനോജ് അപകടത്തിൽപ്പെട്ടത്. എന്നാൽ സംഭവത്തിൽ പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് മരണപ്പെട്ട മനോജിന്റെ കുടുംബം ഉന്നയിക്കുന്നത്. പോലീസിന്റെ അനാസ്ഥയാണ് മനോജ് ഉണ്ണിയുടെ ജീവൻ എടുത്തതെന്ന് സഹോദരി ചിപ്പി ആരോപിക്കുന്നു.
ഇവിടെ പോലീസ് വടംകെട്ടിയത് യാത്രക്കാർക്ക് കാണാൻ കഴിയാത്ത വിധമായിരുന്നു എന്നാണ് അവർ ആരോപിക്കുന്നത്. രാത്രിയായതിനാൽ സംഭവ സ്ഥലത്ത് വെളിച്ചം ഇല്ലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. കയർ കെട്ടിയത് വ്യക്തമായി കാണാൻ ഒരു റിബൺ എങ്കിലും അതിന് മുൻപിൽ കേട്ടമായിരുന്നു എന്നാണ് മനോജിന്റെ സഹോദരി പറയുന്നത്. റോഡിന് കുറുകെ പോലീസ് നിന്നിരുന്നില്ലെന്നും വശങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇവര്‍ ആരോപിച്ചു.
മനോജ് ഉണ്ണി മദ്യപിച്ചിരുന്നു എന്ന പോലീസിന്റെ ആരോപണം തെറ്റായിരുന്നു എന്നും ചിപ്പി വ്യക്തമാക്കി. ഡോക്‌ടർ ഉൾപ്പെടെ പറഞ്ഞത് രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്നാണ്. മന്ത്രിമാർക്ക് ഏത് രീതിയിലുള്ള സുരക്ഷ വേണമെങ്കിലും ഒരുക്കിക്കോളൂ. അതിനോടൊപ്പം ജനങളുടെ സുരക്ഷയും പരിഗണിക്കണമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇന്നലെ രാത്രിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊച്ചിയിൽ എത്തിയത്. ഇതിനെ തുടർന്നാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതും, ചില റോഡുകൾ പൂർണമായും അടയ്ക്കുകയും ചെയ്‌തത്. ചെറിയോരു അശ്രദ്ധ മൂലമുണ്ടായ പിഴവ് വലിയൊരു ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു.