വി മുരളീധരന്‍ വിദേശകാര്യ മന്ത്രിയല്ല കുത്തിത്തിരിപ്പ് മന്ത്രിയാണ്: കടകംപള്ളി സുരേന്ദ്രന്‍

ബിജെപി വീണ്ടും വന്നാല്‍ കേവല മത രാഷ്ട്രമായി ഇന്ത്യ മാറുമെന്ന് സിപിഐഎം സംസ്ഥാന സമിതിയംഗം കടകംപള്ളി സുരേന്ദ്രന്‍. ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കപ്പെടും. വി മുരളീധരന്‍ വിദേശകാര്യ മന്ത്രിയല്ല കുത്തിത്തിരിപ്പ് മന്ത്രിയാണ്.

വിശ്വം മുഴുവന്‍ സഞ്ചരിക്കുന്നതുകൊണ്ട് വിശ്വ പൗരനായ വ്യക്തിയാണ് ശശി തരൂര്‍. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ബഹുശത കോടീശ്വരന്മാര്‍ തമ്മിലാണ് മത്സരം. അവിടെ പാവപ്പെട്ട രവീന്ദ്രന് എന്ത് കാര്യം എന്നാണ് ചോദ്യം. ശശി തരുര്‍ തിരുവനന്തപുരത്ത് ഒന്നും ചെയ്തില്ല. ഓഖി കാലഘട്ടത്ത് എംപി എവിടെയായിരുന്നു. തരൂരിന്റെ പെട്ടി ചുമക്കുന്ന കോണ്‍ഗ്രസുകാര്‍ മറുപടി പറയണം.

കോവിഡ് സമയത്തും പ്രകൃതിദുരന്ത സമയത്തും പാവപ്പെട്ട മനുഷ്യര്‍ക്കൊപ്പവും എംപി നിന്നില്ല. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാന്‍ ചുക്കാന്‍ പിടിച്ചത് ശശി തരൂരാണ്. ചെറ്റത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തരൂര്‍ മുട്ടില്‍ ഇഴഞ്ഞ് മാപ്പ് പറയണം. കരുണാക്കരന്റെയും ആന്റണിയുടെ മക്കള്‍ ഇന്ന് എവിടെയാണ്. അനില്‍ ആൻ്റണിയെ കുറിച്ച് ദലാള്‍ നന്ദകുമാര്‍ പറഞ്ഞത് തള്ളിക്കളയണമെന്ന് തോന്നുന്നില്ല. പറഞ്ഞ സാഹചര്യം നോക്കുമ്പോള്‍ സത്യമാകാനാണ് സാധ്യത.

അടൂര്‍ പ്രകാശും തരൂരും നാളെ ബിജെപിയില്‍ ചേര്‍ന്നേക്കും. വിശ്വാസമുള്ള പൗരനെയാണ് ആവശ്യം വിശ്വ പൗരനെ അല്ല. കേന്ദ്രമന്ത്രി എന്ന നിലയില്‍ വി മുരളീധരനില്‍ നിന്ന് കേരളത്തിന് എന്ത് സഹായം ഉണ്ടായി. കേരളത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോയെന്നും കടകംപള്ളി ചോദിച്ചു.

15-Apr-2024