അരവിന്ദ് കെജ്രിവാളിന് ആശ്വാസമില്ല, ജയിലില്‍ തുടരും

ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. അറസ്‌റ്റ് ചോദ്യം ചെയ്‌തു കൊണ്ടുള്ള ഹർജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നുള്ള കെജ്രിവാളിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ കുറഞ്ഞത് ഏപ്രില്‍ 29 വരെ അദ്ദേഹം ജയിലില്‍ തുടരേണ്ടി വരുമെന്ന് ഉറപ്പായി.

വിവാദമായ ഡല്‍ഹി മദ്യ നയം രൂപീകരിക്കുന്നതിലും 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണത്തെ സാധൂകരിക്കാൻ ആവശ്യമായ ചില വിശദാംശങ്ങള്‍ ഇഡി സമർപ്പിച്ചിട്ടുണ്ടെന്നാണ് കോടതി പറഞ്ഞത്.അതുകൊണ്ട് തന്നെ കെജ്രിവാളിന്റെ അറസ്‌റ്റ് നിയമപരമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മാർച്ച്‌ 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇഡി കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌തത്‌.
അടുത്ത ദിവസം ഡല്‍ഹി റോസ് അവന്യൂ കോടതി കെജ്രിവാളിനെ ഇഡിയുടെ കസ്‌റ്റഡിയില്‍ വിട്ടിരുന്നു. തുടർന്ന് ഏപ്രില്‍ ഒന്നിന് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിടാനായിരുന്നു കോടതി ഉത്തരവ്.

15-Apr-2024