മണിപ്പൂരിലെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് മോദിയുടെ ഗ്യാരന്റിയുടെ തെളിവ്: സി.പി.ഐ

ബിജെപിക്ക് ഭയമുള്ളതിനാലാണ് വീണ്ടും വീണ്ടും മോദി കേരളത്തില്‍ എത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തില്‍ ഇടയ്ക്കിടെ എത്തുന്ന മോദി എന്തു കൊണ്ട് മണിപ്പൂരില്‍ പോകുന്നില്ലെന്നും മണിപ്പൂരിലെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് മോദിയുടെ ഗ്യാരന്റിയുടെ തെളിവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.


മോദിയുടെ ഗ്യാരന്റി എന്നതില്‍ ഒന്നുമില്ല. മോദിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണ്. ആ ചാക്ക് കീറാ ചാക്കാണ്. അതില്‍ വിശ്വസിച്ച് എന്തിട്ടാലും ജനങ്ങള്‍ വഞ്ചിതരാവും. മോദിക്ക് മാത്രം റോഡ് സുരക്ഷാ നിയമങ്ങള്‍ ബാധകം അല്ലേയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിനെതിരെയും ബിനോയ് വിശ്വം ആഞ്ഞടിച്ചു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ സഖ്യമുണ്ട്.

ഇരുമെയ്യാണെങ്കിലും ഒറ്റ കരളാണന്ന് ഇരുവരും തെളിയിച്ചു. കോണ്‍ഗ്രസിന്റെ ഒരു കൈ ബിജെപിയുടെ തോളിലാണ്. മറ്റൊരു കൈ മുസ്ലീം ആര്‍എസ്എസായ എസ്ഡിപിഐയുടെ തോളിലും. യുഡിഎഫ്, ബിജെപി, എസ്ഡിപിഐ സഖ്യമാണ് കേരളത്തില്‍ രൂപംകൊണ്ടത്. കോണ്‍ഗ്രസ് നിലപാടില്ലാത്ത പാര്‍ട്ടിയാണ്.

വോട്ട് കിട്ടിയാലും ഇല്ലെങ്കിലും പാലസ്തീനിലേത് അന്താരാഷ്ട്ര പ്രശ്‌നമായി എല്‍ഡിഎഫ് കാണുന്നുണ്ട്. എന്നാല്‍ അങ്ങനെ കാണാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. അയോധ്യ പ്രതിഷ്ഠ ചടങ്ങിന് എല്ലാവര്‍ക്കും ക്ഷണം ലഭിച്ചു. സിപിഐയും സിപിഐഎമ്മും ആ ക്ഷണം തള്ളി കളഞ്ഞു. കോണ്‍ഗ്രസ് മനസില്ലാ മനസ്സോടെയാണ് ക്ഷണം തള്ളിയത്. പക്ഷേ എന്നിട്ടും തടി ഇവിടേയും മനം അവിടേയും ആയിരുന്നു. അതാണ് പുതിയ കോണ്‍ഗ്രസ്. ഇന്ത്യാ സഖ്യത്തിനൊപ്പമാണ് ഇടതുപക്ഷം. അത് ഉറപ്പിച്ചു പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. കോണ്‍ഗ്രസിന് സാധിക്കുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

17-Apr-2024