വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി വീശി ബൃന്ദ കാരാട്ട്. എല്‍ഡിഎഫിന്റെ ബഹുമാന്യ ഘടകക്ഷിയാണ് ഐഎന്‍എല്ലെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. സിപിഐഎമ്മിന്റെയും സിപിഐയുടെയും ചെങ്കൊടിയും ഐഎന്‍എല്ലിന്റെ പച്ചക്കൊടിയും എല്‍ഡിഎഫിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.
കോൺഗ്രസ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പച്ച ക്കൊടി ഒളിപ്പിച്ചു വച്ചത് എന്തിനാണെന്നും ബൃന്ദ കാരാട്ട് ചോദിച്ചു. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെയുള്‍പ്പടെ ഘടകക്ഷികളുടെയെല്ലാം കൊടികള്‍ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബൃന്ദ കാരാട്ടിന്റെ നീക്കം.
വയനാട്ടുകാര്‍ക്ക് മുഴുവന്‍ സമയവും ജനങ്ങള്‍ക്കൊപ്പമുണ്ടാകുന്ന എംപി വേണോ അതോ പാര്‍ട്ട് ടൈം ആയി പ്രവര്‍ത്തിക്കുന്ന എംപി വേണോ എന്ന് ബൃന്ദ ചോദിച്ചു. ഇതൊരു വ്യക്തിക്കെതിരായ പരാമര്‍ശമല്ല. ദേശീയ നേതാക്കള്‍ക്ക് ഒരുപാട് ചുമതലകളുണ്ട്. പക്ഷേ കഴിഞ്ഞ അഞ്ച് വര്‍ഷമായി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എംപി ഇല്ലാത്ത അവസ്ഥയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
‘ഇന്ത്യാ സഖ്യത്തിന്റെ പ്രസക്തിയെപ്പറ്റി കോണ്‍ഗ്രസ് നേതൃത്വം ഉത്തരം പറയണം. കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫല്ല. എല്‍ഡിഎഫാണ്. പിന്നെ എന്തിനാണ് രാഹുല്‍ ഗാന്ധിയെന്ന ദേശീയ നേതാവ് എന്തിനാണ് അമേഠിയും റായ്ബറേയിലും ഉപേക്ഷിച്ച് കേരളത്തില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നത്?. ഇന്ത്യയിലെ ജനങ്ങളോട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയണം’. ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.