ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടന്ന ഭരണമാണ് മോദിയുടേത്: സീതാറാം യെച്ചൂരി
അഡ്മിൻ
കേരളത്തിൽ കെകെ ശൈലജ ടീച്ചർക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം തെരഞ്ഞെടുപ്പിൽ ടീച്ചർ വിജയിച്ചു എന്നതിന്റെ തെളിവാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ 10 വർഷമായി രാജ്യത്ത് അക്രമം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ ഭരണഘടന തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മോദി നിരവധി തവണ കേരളത്തിൽ നുണ പ്രചാരണത്തിനായി എത്തി, ഇനിയും വരും.
മോദി ഗ്യാരണ്ടി എന്നാൽ ശൂന്യമായ ഗ്യാരണ്ടി എന്നും അത് ലക്ഷ്യം വെക്കുന്നത് രാജ്യത്തെ തകർക്കുക എന്നത് മാത്രമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. മോദിയുടെ ഉറപ്പുകളിൽ ഏറ്റവും വലിയ ഉറപ്പ് അഴിമതി ഇല്ലാതാക്കും എന്നാണ്. എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടന്ന ഭരണമാണ് മോദിയുടേത്. അതിന് ഏറ്റവും വലിയ തെളിവാണ് ഇലക്ട്രൽ ബോണ്ട്. രണ്ട് തരത്തിലാണ് മോദിയുടെ അഴിമതി നടക്കുന്നത്.
കമ്പനികളോട് ഏജൻസികളെ വച്ച് പേടിപ്പിച്ച് പണം പിരിക്കുക എന്നതാണ് ഒന്ന്. അല്ലെങ്കിൽ ഇലക്ട്രൽ ബോണ്ട് വഴി പണം സ്വീകരിച്ച് രാജ്യത്തെ സേവനങ്ങൾ അവർക്ക് നൽകുക. അഴിമതി നിയമവിധേയമാക്കിയ ആളാണ് മോദിയെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു. ബിജെപിയിൽ ചേർന്നാൽ ഇ ഡിയുടെ അന്വേഷണം നേരിട്ടവർ ഹരിചന്ദ്രന്മാരാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.