കെകെ ശൈലജയുടെ വിജയം ഉറപ്പായതോടെയാണ് അശ്ലീല പ്രചാരണം: സീതാറാം യച്ചൂരി
അഡ്മിൻ
വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ വിജയം ഉറപ്പായതോടെയാണ് അശ്ലീല പ്രചാരണം നടത്തുന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണ്. പ്രചാരണത്തിൽ ഇത് അംഗീകരിക്കാനാവില്ല. ആശയപരമായി എതിർക്കാം. വ്യക്തിയധിക്ഷേപം നടത്തിയല്ല തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ശൈലജയ്ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും വാർത്താസമ്മേളനത്തിൽ യച്ചൂരി പറഞ്ഞു.
‘‘പാർലമെന്റിൽ ഇലക്ടറൽ ബോണ്ട് വിഷയത്തിലും സിഎഎക്കെതിരെയും ആദ്യം ശബ്ദം ഉയർത്തിയ പാർട്ടി സിപിഎം ആണ്. ഇലക്ടറൽ ബോണ്ടിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ചതും ഇടതുപക്ഷമാണ്. അതിന്റെ ഫലമായാണ് ഇലക്ടറൽ ബോണ്ട് സുപ്രീം കോടതി റദ്ദാക്കിയത്. വർഗീയ ധ്രുവീകരണം നടത്താനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. മണിപ്പുരിനെക്കുറിച്ച് ഒരു വാക്കുപോലും സംസാരിക്കാൻ പ്രധാനമന്ത്രി തയാറായിട്ടില്ല.
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റിന്റെ പ്രവർത്തനത്തിൽ സംശയമുണ്ട്. ചെയ്യുന്ന വോട്ടുകൾ രേഖപ്പെടുത്തുന്നത് കൺട്രോൾ റൂമിലാണ്. ചെയ്യുന്ന വോട്ടുകൾ തന്നെയാണോ രേഖപ്പെടുത്തുന്നത് എന്ന കാര്യത്തിൽ ഉറപ്പില്ല. മോദി സർക്കാരിനെ എതിർക്കുന്നവരെയെല്ലാം ജയിലിലടയ്ക്കുകയാണ്’’– യച്ചൂരി പറഞ്ഞു.