ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി പെൺകുട്ടി നാട്ടിൽ എത്തി

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി പെൺകുട്ടി ആൻ ടെസ്സ ജോസഫ് നാട്ടിലെത്തിയതായി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശി ആൻ ടെസ ജോസഫ് എത്തിയത്. കപ്പലിൽ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്.

മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകി. ഇവരിൽ 4 പേർ മലയാളികളാണ്. വാഴൂര്‍ കാപ്പുകാട് താമസിക്കുന്ന തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയാണ് ആന്‍ ടെസ്സ ജോസഫ്. കഴിഞ്ഞ ഒമ്പതുമാസമായി കപ്പലില്‍ പരിശീലനത്തിന്റെ ഭാഗമായി ജോലിയിലായിരുന്നു ആന്‍. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയിലെ പഠനശേഷമാണ് പരിശീലനത്തിന് കപ്പലില്‍ ജോലിക്ക് കയറിയത്.

കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു. ആൻ ടെസ ജോസഫിനെ തിരികെ എത്തിച്ച നടപടിയിൽ ഇറാനിലെ ഇന്ത്യൻ എംബസിയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഭിനന്ദനമറിയിച്ചു.

18-Apr-2024