രാഷ്ട്രീയ അന്തഃസത്തക്ക് നിരക്കാത്ത നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിച്ചത് : എം വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
രാഹുൽ ഗാന്ധിയുടെ കണ്ണൂരിലെ പ്രസംഗം ബിജെപിക്ക് ഒപ്പമെന്ന തുറന്ന് പറച്ചിൽ ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്ന ജോലിയാണ് കേന്ദ്ര ഏജൻസികൾ ചെയ്യുന്നത്. ഡൽഹിയിലെ മന്ത്രിയെ അറസ്റ്റ് ചെയ്തപ്പോൾ കെജ്‍രിവാളിനെ എന്താ അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ചവരാണ് കോൺഗ്രസ്.
അവസരവാദപരമായ നിലപാടിൻ്റെ തെളിവാണ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇൻഡ്യ സഖ്യം നടത്തിയ സമരമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ ഒറ്റക്കെട്ടായി പ്രതികരിക്കണം എന്ന് ആ പരിപാടിയിൽ തീരുമാനിച്ചതാണ്. എന്നാൽ ഇൻഡ്യ സഖ്യത്തിൻ്റെ നേതാവായ രാഹുൽ ഗാന്ധി അതിന് വിരുദ്ധമായി നിലപാട് എടുക്കുന്നു.
ഇൻഡ്യ സഖ്യത്തെ പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് രാഹുൽ സ്വീകരിച്ചത്. കേരളാ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്ത് എന്നാണ് രാഹുൽ ചോദിച്ചത്. ഇത് തന്നെയാണ് നരേന്ദ്ര മോദിയും പറയുന്നത്. ഏത് കേസിൻ്റെ അടിസ്ഥാനത്തിലാണ് കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യേണ്ടത്. ഒരു കേസും ഇല്ലല്ലോ.
രാഹുൽ ഗാന്ധി ഇന്ത്യയുടെ തെക്ക് വടക്ക് നടന്നിട്ട് കാര്യമില്ല. ആരെങ്കിലും എഴുതി കൊടുക്കുന്നത് പ്രസംഗിച്ചിട്ടും കാര്യമില്ല. എന്തെങ്കിലും പറയുമ്പോൾ വ്യക്തതയോടെ പറയണം. ഇഡിയും മോദിയും പറയുന്നത് ഉത്തരവാദിത്തപ്പെട്ട പാർട്ടിയുടെ നേതാവ് പറയാൻ പാടില്ല.തികച്ചും തെറ്റായ , രാഷ്ട്രീയ അന്തഃസത്തക്ക് നിരക്കാത്ത നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിച്ചത്- എം വി ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.