ഫെഡറല്‍ തത്വം അട്ടിമറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്: സീതാറാം യെച്ചൂരി
അഡ്മിൻ
കേരളത്തിലെ മുഖ്യമന്ത്രിയെ എന്ത് കൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. എന്താണ് ഇതിലൂടെ കേരളത്തില്‍ യുഡിഎഫ് ലക്ഷ്യമിടുന്നത്? എല്‍ഡിഎഫിനെയാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ അത് ബിജെപിയെ സഹായിക്കുന്ന നിലപാടാണ്. ആ യുഡിഎഫ് നിലപാട് അപലപനീയമാണെന്നും അദ്ദേഹം പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞു.
സിഎഎക്കെതിരെ ഒന്നിച്ചുള്ള പ്രക്ഷോഭത്തില്‍ യുഡിഎഫ് നേതാക്കളെ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് കൊടുക്കുന്നത് പോലെയാണ്. ജനാധിപത്യ നിലപാട് ഉള്ളത് എല്‍ഡിഎഫിന് മാത്രമാണ്. ഇലക്ടറല്‍ ബോണ്ട് നിരസിച്ച ഒരേ ഒരു പാര്‍ട്ടി സിപിഎമ്മാണ്. ഇലക്ടറല്‍ ബോണ്ട് നല്‍കാത്ത കമ്പനികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
മാഫിയ രീതിയില്‍ ജനാധിപത്യത്തെ ഇല്ലാതാക്കുകയായിരുന്നു. അഴിമതി-വര്‍ഗീയ കൂട്ട് കെട്ട് രാജ്യത്തെ കൊള്ളയടിച്ചു. ഇലക്ടറല്‍ ബോണ്ട് നല്‍കാത്ത കമ്പനികളെ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കേരള സര്‍ക്കാരിനെ കേന്ദ്രം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് അര്‍ഹതയുള്ള പണം നല്‍കാതെ ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ സുപ്രീംകോടതിയില്‍ പോകേണ്ട അവസ്ഥ വരെയുണ്ടായി. കേരള സര്‍ക്കാരിനെ പോലെ തമിഴ്നാടിനെയും വേട്ടയാടുന്നുണ്ട്. ഫെഡറല്‍ തത്വം അട്ടിമറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഗവര്‍ണര്‍മാരെ ഉപയോഗിച്ചും ഫെഡറല്‍ സംവിധാനം അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.