മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തജീന്ദര്‍ സിംഗ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധിയുടെ വിശ്വസ്തന്‍. മുതിര്‍ന്ന നേതാവ് തജീന്ദര്‍ സിംഗ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ബിട്ടു അംഗത്വം സ്വീകരിച്ചത്. ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു ബിട്ടു. ശനിയാഴ്ച രാവിലെയാണ് ബിട്ടു കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്.

പ്രിയങ്കയുടെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന നേതാവാണ് തജീന്ദര്‍ സിങ്ങ് ബിട്ടു. ഹിമാചല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പ്രിയങ്കയുടെ വലംകൈ ആയിരുന്നു ബിട്ടു. നേരത്തെ രാജിവിവരം അറിയിച്ച് ബിട്ടു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാർഗെക്ക് കത്ത് അയച്ചിരുന്നു.

കോൺഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എഐസിസി ചുമതലകളില്‍ നിന്നും രാജിവെയ്ക്കുന്നതായി കത്തില്‍ അറിയിച്ചിരുന്നു. ‘മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം ഹൃദയഭാരത്തോടെ കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുന്ന’തായി ഇതിന് പിന്നാലെ ബിട്ടു ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

20-Apr-2024